രാഹുൽ ഗാന്ധിക്കെതിരായ നടപടി രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്

Rahul

രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പോലീസ് നടപടി രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്. തന്നെ കണ്ട സ്ത്രീകളുടെ വിവരങ്ങൾ രാഹുൽ വ്യക്തമാക്കണമെന്ന ആവശ്യമാണ് ഡൽഹി പോലീസ് മുന്നോട്ടുവെക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ ലക്ഷക്കണക്കിന് പേരെ രാഹുൽ കണ്ടിരുന്നു. ആ വ്യക്തികളുടെ വിവരങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ നൽകണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്.

പോലീസിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടേണ്ടതാണ്. ഇത് രാഷ്ട്രീയ വിരോധം തീർക്കലാണെന്നത് വ്യക്തമാണെന്നും കോൺഗ്രസ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയ ആരോപിച്ചു. ജനുവരി 30ന് നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ 45 ദിവസങ്ങൾക്ക് ശേഷമാണ് തേടുന്നത്. പാർലമെന്റിലെ രാഹുലിന്റെ ആരോപണങ്ങളിലുള്ള പ്രതികാര നടപടിയാണിതെന്ന് വ്യക്തമാണ്. 

ജോഡോ യാത്രക്കിടെ നിരവധി സ്ത്രീകൾ തങ്ങൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തന്നോട് പറഞ്ഞതായി ശ്രീനഗറിലെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. ഈ പ്രസംഗത്തിൽ വിശദീകരണം തേടിയാണ് ഡൽഹി പോലീസ് രാഹുലിന്റെ വീട്ടിലെത്തിയത്. അതേസമയം രണ്ട് മണിക്കൂറോളം പോലീസ് വസതിയിൽ നിന്നെങ്കിലും രാഹുൽ ഗാന്ധി കാണാൻ കൂട്ടാക്കിയില്ല. തുടർന്ന് നോട്ടീസ് കൈമാറി പോലീസ് മടങ്ങുകയായിരുന്നു.
 

Share this story