പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ പിന്നീട് ബലാത്സംഗമായി ചിത്രീകരിക്കാനാവില്ല; സുപ്രീം കോടതി
ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ നടത്തിയ ലൈംഗികബന്ധത്തെ പ്രണയബന്ധം അവസാനിച്ച ശേഷം ബലാത്സംഗമായി ചിത്രീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രണയകാലത്തുണ്ടാവുന്ന ശാരീരിക ബന്ധത്തെ, വേർപിരിഞ്ഞ ശേഷം കുറ്റകൃത്യമായി ചിത്രീകരിക്കുന്ന പ്രവണത വർധിച്ചു വരുന്നതായും ഇത് ആശങ്കാജനകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
മലയാളിയായ സന്തോഷ് കുമാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും, ബന്ധം അവസാനിപ്പിച്ച ശേഷം ബലാത്സംഗമായി ചിത്രീകരിക്കുന്നതുമായ കേസുകളെ വേർതിരിച്ച് കാണണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ആദ്യ വിവാഹം മറച്ചുവച്ച് സന്തോഷ് കുമാർ കർണാടകയിലെ മൈസൂരുവിൽ വച്ച് തന്നെ രണ്ടാമത് വിവാഹം കഴിച്ചെന്നാരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. 1996 മുതൽ 2003 വരെ ഒന്നിച്ച് താമസിച്ച കാലയളവിൽ ഭർത്താവ് തന്നെ വഞ്ചിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തെന്നാണ് പരാതി.
