പിഎം ശ്രീയുടെ ഭാഗമായി തുടരണം; കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്
ന്യൂഡൽഹി: പിഎം ശ്രീക്കായി വീണ്ടും കേന്ദ്രത്തിന്‍റെ കത്ത് . പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു . ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്ന് കത്തിൽ പറയുന്നു.
അതേസമയം പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. പിഎംശ്രീയിലെ നിലപാട് തെരഞെടുപ്പിൽ രാഷ്ട്രീയമായി ഗുണം ചെയ്തതെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സിലബസിൽ കൈകടത്തലില്ലാതെ നടപ്പാക്കാൻ കഴിയുമോ എന്നാണ് നോക്കുന്നതെന്ന് മുഖ്യമന്തി പറഞ്ഞു. മറ്റു കോൺഗ്രസ് സർക്കാരുകളും നടപ്പാക്കി. പിഎം ശ്രീ നടപ്പാക്കിയില്ലെങ്കിൽ മറ്റു ഫണ്ടുകളും മുടങ്ങുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. കെപിസിസി നേതൃയോഗത്തിലാണ് വിഷയം ചർച്ചയായത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം രണ്ടുതവണ പദ്ധതി തുടരണം എന്ന ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടില്ല. പിഎം ശ്രീയിൽ നയപരമായ തീരുമാനം മന്ത്രി സഭ കൈക്കൊള്ളാത്തതാണ് കാരണം. രണ്ടുതവണ മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നെങ്കിലും പിന്നീട് മറ്റു നടപടികൾ ഉണ്ടായിട്ടില്ല. ലീഗിന് പിന്നാലെ കോൺഗ്രസിലും പിഎം ശ്രീയെ ചൊല്ലിയുള്ള എതിർപ്പ് നിലനിൽക്കുകയാണ്. ഇതാണ് മന്ത്രിസഭ ഉപസമിതിക്ക് തീരുമാനത്തിലേക്ക് എത്താൻ കഴിയാത്തതിന് കാരണം.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പുതിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഈയിടെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സർക്കാർ മുന്നോട്ട് വച്ച പഴയ നിലപാടിൽ തന്നെ തുടരുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഷ്ട്രീയ വിയോജിപ്പുള്ളതിനാലാണ് തീരുമാനം നീളുന്നതെന്നും ഡൽഹി ചർച്ചകളെക്കുറിച്ചോ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചോ തനിക്ക് ഔദ്യോഗിക വിവരമില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
