‘രാജ്യത്തെ ഏറ്റവും വലിയ ചതി’: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന് 48 മണിക്കൂർ സമയം; രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെ
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളിലും വ്യാപകമായി പേരുകൾ നീക്കം ചെയ്തതിലും പ്രതിഷേധിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ജ്ഞാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെക്കണമെന്ന് കോക്‌റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടു. 48 മണിക്കൂറിനകം രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഡൽഹിയിൽ നടന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ജനങ്ങളാണ് സർക്കാരിനെ തിരഞ്ഞെടുക്കേണ്ടത്, എന്നാൽ ജ്ഞാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണറായ ശേഷം ആരെല്ലാം വോട്ട് ചെയ്യണമെന്ന് സർക്കാരാണ് തീരുമാനിക്കുന്നത്. ഇത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. രാജ്യത്തെ ഏറ്റവും വലിയ ചതിയാണ് നടക്കുന്നത്," എന്ന് അഭിജീത് ദിപ്‌കെ ആരോപിച്ചു.
വോട്ടിംഗ് അവകാശം സംരക്ഷിക്കപ്പെടാതെ രാജ്യത്തെ മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്നും, ജ്ഞാനേഷ് കുമാർ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും സി.ജെ.പി വ്യക്തമാക്കി. ഡൽഹി ജന്ദർ മന്തറിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾക്ക് പാർട്ടി രൂപം നൽകുന്നുണ്ട്.
