ഇൻഡിഗോ വിമാനം റദ്ദാക്കിയതോടെ റിസപ്ഷനിൽ എത്താനാകാതെ ദമ്പതികൾ; പരിപാടിയിൽ ലൈവിലൂടെ പങ്കെടുത്തു
ഇൻഡിഗോ വിമാനങ്ങളുടെ കൂട്ട റദ്ദാക്കലുകളിൽ കുടുങ്ങി നവദമ്പതികളും. സ്വന്തം വിവാഹ റിസപ്ഷന് നേരിട്ട് എത്താനാകാതെ ലൈവിലൂടെ പങ്കെടുക്കേണ്ടി വന്നു ഇവർക്ക്. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കിയതാണ് കാരണം.
കുടുംബം ക്ഷണിച്ച അതിഥികൾ റിസപ്ഷന് കൃത്യ സമയത്ത് എത്തിയതിനാൽ ദമ്പതികൾ റിസപ്ഷന് ഇടാനിരുന്ന വസ്ത്രമൊക്കെ ധരിച്ച് ലൈവിലൂടെ പങ്കെടുത്തു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ് വെയർ എൻജീനിയർമാരായ മേഘ ക്ഷീരസാഗറും സംഗം ദാസുമാണ് റിസപ്ഷനിൽ ലൈവ് വഴി പങ്കെടുത്തത്
സംഗം ദാസിന്റെ സ്ഥലമായ ഭൂവനേശ്വറിൽ വെച്ച് നവംബർ 23നായിരുന്നു വിവാഹം. മേഘയുടെ സ്ഥലമായ ഹുബ്ബള്ളിയിൽ നവംബർ മൂന്നിന് റിസപ്ഷനും തീരുമാനിച്ചു. എന്നാൽ മൂന്നാം തീയതി പുലർച്ചെ നാല് മണിയായപ്പോൾ ഇവർക്ക് പോകേണ്ട വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. ആയിരത്തിലധികം കിലോമീറ്റർ ദൂരമുണ്ട് ഭുവനേശ്വറിൽ നിന്ന് ഹുബ്ബള്ളിയിലേക്ക്. റോഡ് മാർഗമോ ട്രെയിൻ മാർഗമോ റിസപ്ഷൻ സമയത്ത് എത്താൻ സാധിക്കില്ലെന്ന് കണ്ടതോടെയാണ് ഇവർ പരിപാടിയിൽ ലൈവിൽ പങ്കെടുത്തത്.
