മഹാരാഷ്‌ട്രയിൽ വീണ്ടും കൊവിഡ് തരംഗം; പുതിയ വകഭേദം ഇജി.5.1 കണ്ടെത്തി

മുംബൈ: ഇടവേളയ്ക്കു ശേഷം മഹാരാഷ്‌ട്രയിൽ വീണ്ടും കൊവിഡ്-19 കേസുകൾ വർധിക്കുന്നു. ഇജി.5.1 (EG.5.1) എന്ന പുതിയ സബ്‌വേരിയന്‍റാണ് ഇതിനു കാരണമെന്ന് അനുമാനം. ഈ വകഭേദം രാജ്യത്ത് ആദ്യമായി കണ്ടെത്തുന്നത് മഹാരാഷ്‌ട്രയിലാണ്. കഴിഞ്ഞ മേയിൽ തന്നെ ഇതിന്‍റെ സാന്നിധ്യം തിരിച്ചിറഞ്ഞിരുന്നെങ്കിലും രോഗവ്യാപനത്തിൽ വർധന രേഖപ്പെടുത്തുന്നത് ഇപ്പോൾ മാത്രം. മറ്റു രണ്ടു വകഭേദങ്ങൾ കൂടി സംസ്ഥാനത്ത് നിലവിലുണ്ട്.

ജൂലൈ അവസാനം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 70 ആയിരന്നെങ്കിൽ, ഓഗസ്റ്റ് ആറോടെ ഇത് 115 ആയി. തിങ്കളാഴ്ചത്തെ കണക്ക് 109 ആയിരുന്നു.

യുകെയിൽ ഇജി.5.1 വേരിയന്‍റിന്‍റെ സാന്നിധ്യം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അവിടെ ആരോഗ്യ മുന്നറിയിപ്പും പ്രഖ്യാപിച്ചു കഴിഞ്ഞു.

നിലവിൽ മുംബൈയിൽ മാത്രം 43 കൊവിഡ്-19 രോഗികളുണ്ട്. പൂനെയിൽ മാത്രം 34 പേരും.

Share this story