മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തമിഴ്നാട്ടിൽ ദളിത് ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു
തമിഴ്നാട്ടിലെ ഈറോഡിൽ ദളിത് ദമ്പതികളെ മേൽജാതിയിൽപ്പെട്ട യുവാക്കൾ വീട്ടിൽ കയറി വെട്ടിക്കൊന്നു. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് കൊലപാതകം.
ഈറോഡ് കൊടുമുടിയിലാണ് ജാതി കൊലപാതകം അരങ്ങേറിയത്. ഗ്രാമത്തിലെ നാടാർ വിഭാഗത്തിൽപ്പെട്ട യുവാക്കളാണ് കൊലപാതകം നടത്തിയത്. ദീപാവലി ദിവസത്തിൽ പടക്കം പൊട്ടിക്കലിനിടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം
കൊല്ലപ്പെട്ട രാമസ്വാമിയുടെ മകളും മരുമകനും നാടാർ വിഭാഗക്കാർ പടക്കം പൊട്ടിക്കുന്നതിനിടെ ഇതുവഴി കടന്നു പോയിരുന്നു. മകളെ നോക്കി സൂര്യ എന്ന യുവാവും സുഹൃത്തുക്കളും അശ്ലീല കമന്റടിക്കുകയും ചെയ്തു. വിവരം അറിഞ്ഞ രാമസ്വാമി സൂര്യയോട് ഇതേ സംബന്ധിച്ച് ചോദിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തു
ദളിത് വിഭാഗത്തിൽപ്പെട്ട രാമസ്വാമിയിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വന്നുവെന്ന് ആരോപിച്ച് സൂര്യയുടെ പിതാവ് സൂര്യയെ ശകാരിച്ചു. ഈ വൈരാഗ്യത്തിലാണ് സുഹൃത്തുക്കളെ കൂട്ടി സൂര്യ രാമസ്വാമിയുടെ വീട്ടിലെത്തിയതും രാമസ്വാമി, ഭാര്യ അരുകണി എന്നിവരെ വെട്ടിക്കൊന്നതും. സൂര്യയയെും രണ്ട് സുഹൃത്തുക്കളും പോലീസ് അറസ്റ്റ് ചെയ്തു.