പ്രണയബന്ധം എതിർത്ത അമ്മയെ മകളും ആൺസുഹൃത്തുക്കളും ചേർന്ന് കൊന്നു; പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവർ
ബംഗളൂരുവിൽ പ്രണയബന്ധം എതിർത്ത അമ്മയെ പ്രായപൂർത്തിയാകാത്ത മകളും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. സൗത്ത് ബംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. 34കാരിയായ നേത്രാവിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമായിരുന്നു താമസം. പെൺകുട്ടിയും 4 ആണ് സുഹൃത്തുക്കളും ചേർന്നാണ് നേത്രാവതിയെ കൊലപ്പെടുത്തിയത്
പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. ഒരു ഏഴാം ക്ലാസുകാരനും പ്രതികൾക്കൊപ്പമുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകളുടെ 17കാരനായ കാമുകനും സുഹൃത്തുക്കളും സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. നേത്രാവതി കാമുകനെ വഴക്ക് പറയുകയും വീട്ടിൽ ഇനി വരരുതെന്ന് പറയുകയും ചെയ്തു
എന്നാൽ കഴിഞ്ഞ ദിവസം മകളുടെ നിർദേശപ്രകാരം രാത്രിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി. തുടർന്ന് നേത്രാവതിയെ തുണി ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം മുറിയിലെ ഫാനിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തി. പെൺകുട്ടി കാമുകനൊപ്പം പോകുകയും ചെയ്തു
മകൾ കാമുകനൊപ്പം പോയ ദുഃഖത്തിൽ നേത്രാവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്. പിന്നീട് സംശയത്തെ തുടർന്ന് പരാതി നൽകുകയും വീട്ടുകാർ പെൺകുട്ടിയെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
