ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർത്ഥിയുടെ മരണം: ക്യാമ്പസുകളിലെ അടിയന്തര ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം
മുംബൈ: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (TISS) ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ പി. ജനാർത്ഥനന്റെ (26) ആകസ്മിക മരണം ക്യാമ്പസുകളിലെ അടിയന്തര വൈദ്യസഹായ സംവിധാനങ്ങളുടെ പോരായ്മകളിലേക്ക് വിരൽചൂണ്ടുന്നു. ക്ലാസ് മുറിയിൽ വെച്ച് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ജനാർത്ഥനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്യാമ്പസിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആംബുലൻസോ, ഹെൽത്ത് സെന്ററിൽ ആവശ്യമായ സമയത്ത് ഡോക്ടറുടെ സേവനമോ ലഭ്യമായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. വിദ്യാർത്ഥിയുടെ സ്വന്തം വാഹനത്തിലാണ് ജനാർത്ഥനനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം അകലെയുള്ള ആശുപത്രി തിരഞ്ഞെടുത്തതും അടിയന്തര ഘട്ടങ്ങളിലെ പ്രതികരണത്തിലെ പാളിച്ചയാണെന്ന് വിദ്യാർത്ഥി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർക്കെതിരെ വിദ്യാർത്ഥികളുടെയും വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ക്യാമ്പസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സൗകര്യവും ആംബുലൻസ് സംവിധാനവും ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
