ദീപു ചന്ദ്ര ദാസിന്റെ കൊലപാതകം; പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണം: ബംഗ്ലാദേശിനോട് ഇന്ത്യ
ന്യൂഡൽഹി: ബംഗ്ലാദേശിലെ മൈമൻസിംഗ് ജില്ലയിൽ ഹിന്ദു യുവാവായ ദീപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ ശേഷം തീയിട്ട സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഞായറാഴ്ചയാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. ദീപു ചന്ദ്ര ദാസിന്റെ വധം അങ്ങേയറ്റം വേദനാജനകവും അപരിഷ്കൃതവുമാണെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ ബംഗ്ലാദേശ് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതിനിടെ, ദീപു ചന്ദ്ര ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഗാർമെന്റ് ഫാക്ടറി തൊഴിലാളിയായ ദീപു മതനിന്ദ നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ചത്. എന്നാൽ ഇദ്ദേഹം മതനിന്ദ നടത്തിയതിന് തെളിവുകളൊന്നുമില്ലെന്ന് ബംഗ്ലാദേശ് അന്വേഷണ ഏജൻസികൾ തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ദൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
