ഡൽഹി സ്‌ഫോടനം: കാർ ഓടിച്ചത് ഉമർ മുഹമ്മദെന്ന് സൂചന; കാറിലെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും
ഡൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചത് ഉമർ മുഹമ്മദ് ആണെന്ന് സൂചന. ഫരീദാബാദ് ഭീകര സംഘത്തിൽ പോലീസ് തെരയുന്ന വ്യക്തിയാണ് ഇയാൾ. കാർ ഓടിച്ചാണ് ഭീകരവാദിയായ ഉമർ മുഹമ്മദ് ചെങ്കോട്ടയിലെത്തിയത്. പൊട്ടിത്തെറിച്ച ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.
കറുത്ത മാസ്‌ക് ധരിച്ചയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് ഉമർ മുഹമ്മദാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. കാർ ചെങ്കോട്ടക്ക് മുന്നിൽ മൂന്ന് മണിക്കൂർ നിർത്തിയിട്ടു. തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാർക്കറ്റാണ് ഇവർ ലക്ഷ്യമിട്ടതെന്നാണ് സൂചന.
ഡൽഹി സ്‌ഫോടനത്തിന് ഉപയോഗിച്ച ഹരിയാന രജിസ്‌ട്രേഷനിലുള്ള ഐ20 കാർ പുൽവാമ സ്വദേശിയായ യുവാവ് വാങ്ങിയത് കഴിഞ്ഞ മാസം 29ന് എന്ന് പോലീസ് അറിയിച്ചു. ഇയാളുടെ പുൽവാമയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയാണ്. കാർ വിറ്റത് ദേവേന്ദ്ര എന്ന വ്യക്തിക്കാണെന്ന് ഹരിയാനയിലെ മുൻ കാറുടമ മുഹമ്മദ് സൽമാൻ മൊഴി നൽകിയിരുന്നു. പിന്നീട് കാർ മറ്റൊരാൾക്ക് കൈമാറിയെന്നുമാണ് മൊഴി
സാമ്പത്തികഞെരുക്കത്തെ തുടർന്നാണ് കാർ വിറ്റതെന്ന് സൽമാന്റെ ഭാര്യ പോലീസിന് മൊഴി നൽകി. കാറിന്റെ രണ്ടാമത്തെ ഉടമസ്ഥൻ ദേവേന്ദ്രയാണ്. ഇയാളിൽ നിന്നാണ് അമീർ എന്നയാൾ കാർ വാങ്ങിയത്. അമീറിൽ നിന്നാണ് പുൽവാമ സ്വദേശി താരിഖ് വാഹനം വാങ്ങിയത്. താരിഖ് കാർ ഉമ്മർ മുഹമ്മദിന് കൈമാറി.
ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് സ്‌ഫോടനത്തിൽ പങ്കുള്ളതായും സംശയമുണ്ട്. ചെങ്കോട്ട പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ചാവേർ ഭീകരാക്രമണ സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്.
