ഡൽഹിയിൽ ദുരഭിമാനക്കൊല: ഗർഭിണിയായ മകളെ പിതാവ് നദിയിൽ മുക്കിക്കൊന്നു
വിവാഹത്തിന് മുമ്പ് മകൾ ഗർഭിണിയായതിലെ അപമാനം ഭയന്ന് 18കാരിയായ മകളെ നദിയിൽ മുക്കിക്കൊന്ന പിതാവ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ലഖ്പത് സിങ്ങാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ പിതാവിനൊപ്പം ഒരു ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് മാസം ഗർഭിണിയായിരുന്ന മകളെ ചികിത്സയ്ക്കെന്ന വ്യാജേനയാണ് പിതാവും ബന്ധുവും ആഗ്രയിലേക്ക് കൊണ്ടുപോയത്. ചമ്പൽ നദിക്കരയിലെത്തിച്ച ശേഷം നദിയിലേക്ക് ചാടാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയ്യാറായില്ല. തുടർന്ന് മകളുടെ കാൽതൊട്ട് വണങ്ങിയ ശേഷം വെള്ളത്തിലേക്ക് വലിച്ചിഴച്ച് തല വെള്ളത്തിൽ മുക്കിപ്പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മകളുടെ മരണം ഉറപ്പാക്കിയ ശേഷം പിതാവ് കൈകൂപ്പി മാപ്പ് ചോദിച്ചതായും പൊലീസ് വ്യക്തമാക്കി. പിന്നീട് മകൾ ചികിത്സയ്ക്കിടെ മരിച്ചെന്നും ആഗ്രയിൽ തന്നെ സംസ്കരിച്ചെന്നും ഇയാൾ അയൽവാസികളോട് പറഞ്ഞു.
എന്നാൽ പിതാവിന്റെ മൊഴിയിൽ സംശയം തോന്നിയ അയൽവാസിയാണ് പൊലീസിനെ വിവരമറിയിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പിതാവും മകളും നദിയിൽ നിൽക്കുന്ന ചിത്രങ്ങൾ ബന്ധുവിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. നദിയിൽ തിരച്ചിൽ തുടരുകയാണ്.
