ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം: നിർമാണ കരാറുകാരൻ കൂടി അറസ്റ്റിൽ; മരണസംഖ്യ ഏഴായി

ഡൽഹി അപകടം

ന്യൂഡൽഹി: ഡൽഹി സർവകലാശാല സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിൽ പ്രവർത്തിച്ചിരുന്ന അഞ്ചു നില പിജി ഹോസ്റ്റൽ കെട്ടിടം തകർന്നു വീണുണ്ടായ ദുരന്തത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കെട്ടിടത്തിൽ നടന്നുവന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ലേബർ കോൺട്രാക്ടർ സനോജ് ആണ് പോലീസിന്റെ പിടിയിലായത്. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്നാണ് ഇയാളെ ഡൽഹി പോലീസ് പിടികൂടിയത്.

​ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം ഒളിവിൽ പോയ കെട്ടിട ഉടമ ഹരിറാം ഗുപ്ത, ഇയാളുടെ ഭാര്യ ഊർമ്മിള, മകൻ മഹേഷ് എന്നിവരെ രാജസ്ഥാനിലെ ഭിവാഡിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

​അപകടത്തിൽ മരണസംഖ്യ ഏഴായി ഉയർന്നു. 50 വർഷത്തോളം പഴക്കമുള്ളതും ദുർബലവുമായ കെട്ടിടത്തിന്റെ അടിത്തറ ഭീഷണിയിലാണെന്ന് അറിഞ്ഞിട്ടും കൂടുതൽ വാടക വരുമാനം ലക്ഷ്യമിട്ട് അനധികൃതമായി കൂടുതൽ നിലകൾ നിർമ്മിക്കുകയായിരുന്നുവെന്ന് പോലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഇതിന് പുറമെ താഴത്തെ നിലയിലെ ചുവരുകൾ നീക്കം ചെയ്ത് നിർമാണ പ്രവൃത്തികൾ നടത്തിയത് കെട്ടിടത്തിന്റെ സ്ഥിരതയെ ബാധിച്ചതാണ് ദുരന്തത്തിന് കാരണമായത്.

​ദുരന്തത്തിന് പിന്നാലെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ (MCD) അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നഗരത്തിലെ മുഴുവൻ പിജി ഹോസ്റ്റലുകളിലും സുരക്ഷാ പരിശോധന നടത്താനും നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾ സീൽ ചെയ്യാനും ഡൽഹി സർക്കാർ നിർദേശം നൽകി. 

Tags

Share this story