ഡൽഹി ഹോട്ടൽ ദുരന്തം; സുരക്ഷാ വീഴ്ചകളും ഉടമസ്ഥതാ തർക്കവും കേന്ദ്രീകരിച്ച് അന്വേഷണം: ടെറസിലേക്കുള്ള വഴി അടച്ച നിലയിൽ
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള 'ഫ്ലറിഷ് സ്റ്റേ ബി ആൻഡ് ബി' (Flourish Stay B&B) ഹോട്ടലിലുണ്ടായ ദരുണമായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പോലീസ്. 21 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വൻ സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കെട്ടിടത്തിന്റെ ടെറസിലേക്കുള്ള എമർജൻസി എക്സിറ്റ് (അടിയന്തര വഴി) പൂർണ്ണമായും അടച്ചിട്ട നിലയിലായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. പുക നിറഞ്ഞപ്പോൾ മുകളിലേക്ക് ഓടി രക്ഷപ്പെടാനുള്ള വഴി അടഞ്ഞതാണ് മരണസംഖ്യ ഉയരാൻ പ്രധാന കാരണം. കൂടാതെ, വിദേശികൾ താമസിച്ചിരുന്ന മുറികളിൽ പാചകം ചെയ്യാനായി ഹീറ്ററുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണോ തീപിടിത്തത്തിന് കാരണമായതെന്ന് ഫോറൻസിക് സംഘം പരിശോധിച്ചു വരികയാണ്.
കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് രണ്ട് നില മാത്രമുണ്ടായിരുന്ന കെട്ടിടം അഞ്ച് നിലകളാക്കി ഉയർത്തുകയായിരുന്നു. ഡൽഹി സർക്കാരിന്റെ നിയമപ്രകാരം 6 മുറികൾക്ക് മാത്രമാണ് ഇവിടെ അനുമതിയുണ്ടായിരുന്നത്. എന്നാൽ ബേസ്മെന്റ് ഉൾപ്പെടെ 25-ഓളം മുറികളാണ് ഹോട്ടലിൽ പ്രവർത്തിച്ചിരുന്നത്. ഹോട്ടലിന് ഫയർ എൻ.ഒ.സി (ഫയർ ഫോഴ്സ് അനുമതി) ഉണ്ടായിരുന്നില്ലെന്നും ജനലുകൾ സീൽ ചെയ്തതും സെൻസർ പ്രവർത്തിക്കുന്ന പ്രധാന വാതിൽ തകരാറിലായതും രക്ഷാപ്രവർത്തനത്തിന് തടസ്സമായതായും പോലീസ് വ്യക്തമാക്കി.
ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഹോട്ടലിന്റെ ലൈസൻസ് മാനേജരായ ജയ് മിശ്രയുടെ പേരിലാണ് എടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്. വിദേശത്തുള്ള മക്കളുടെ അടുത്തേക്ക് ബജാജും ഭാര്യയും കടന്നു കളയാൻ സാധ്യതയുള്ളതിനാൽ ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ദുരന്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും വിദേശികളാണ്. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമേ മൃതദേഹങ്ങൾ വിദേശ എംബസികൾക്ക് കൈമാറുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
