ഡൽഹി ജൽ ബോർഡ് അഴിമതിക്കേസ്: എ.എ.പി നേതാവ് സത്യേന്ദർ ജെയിന് ജാമ്യം

AAP

ന്യൂഡൽഹി: ഡൽഹി ജൽ ബോർഡിലെ (ഡി.ജെ.ബി) മലിനജല സംസ്‌കരണ പ്ലാന്റ് (എസ്.ടി.പി) ടെൻഡർ തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജെയിന് ജാമ്യം. ന്യൂഡൽഹി റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ദിഗ് വിനയ് സിംഗാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ജാമ്യം.

​ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.ബി) റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ഓഗസ്റ്റ് 18-നാണ് ജെയിൻ അറസ്റ്റിലായത്. ജൽ ബോർഡ് മന്ത്രിയായിരിക്കെ മലിനജല സംസ്‌കരണ പ്ലാന്റുകളുടെ നവീകരണത്തിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ ക്രമക്കേട് കാട്ടുകയും, ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട് കരാർ നൽകി കോടികളുടെ സാമ്പത്തിക ലാഭമുണ്ടാക്കാൻ സഹായിക്കുകയും ചെയ്തു എന്നാണ് എ.സി.ബിയുടെ ആരോപണം.

​എന്നാൽ, സാങ്കേതിക സമിതിയുടെ ശുപാർശകൾ പ്രകാരമുള്ള നയപരമായ തീരുമാനങ്ങൾ മാത്രമാണ് താൻ എടുത്തതെന്നും ടെൻഡർ നടപടികളിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും ജെയിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിലെ തെളിവുകളെല്ലാം ഇതിനോടകം ശേഖരിച്ചതിനാൽ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

Tags

Share this story