ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: റെയ്ഡിന് പിന്നാലെ ബിആര്‍എസ് നേതാവ് കെ.കവിത അറസ്റ്റില്‍

ബംഗളൂരു: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിത അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ഇഡി- ഐടി കവിതയുടെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് ഇന്നു വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നു.

ഈ വര്‍ഷം മാത്രം ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇഡിയും ഐടി വകുപ്പും 2 തവണ സമന്‍സ് നല്‍കിയിരുന്നെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്നു രാവിലെ മിന്നല്‍ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഡല്‍ഹിയില്‍ സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസന്‍സ് 2021 ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്‍റെ മറവില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിച്ചെന്നും മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ഇടപാടില്‍ ലഭിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയുടെ അറസ്റ്റ് ബിആര്‍എസിന് വലിയ രീതിയില്‍ തിരിച്ചടിയാകും.

Share this story