ഡൽഹി മേയർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന്; ശുപാർശ അംഗീകരിച്ച് ലെഫ്. ഗവർണർ

Delhi

ഡൽഹി മേയർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് ബുധനാഴ്‌ച നടത്താനുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ശുപാർശ ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന അംഗീകരിച്ചു. ലഫ്റ്റനന്റ് ഗവർണറുടെ ഉത്തരവ് പ്രകാരം മേയർ, ഡെപ്യൂട്ടി മേയർ, ആറ് സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ തിരഞ്ഞെടുപ്പ് ബുധനാഴ്‌ച നടക്കും.

മേയർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലഫ്റ്റനന്റ് ഗവർണർക്ക് നേരത്തെ കത്ത് നൽകിയിരുന്നു. മേയർ തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിക്കാൻ മുനിസിപ്പൽ കോർപ്പറേഷന്റെ ആദ്യ യോഗം വിളിച്ച് 24 മണിക്കൂറിനുള്ളിൽ നോട്ടീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

എഎപിയുടെ മേയർ സ്ഥാനാർത്ഥി ഷെല്ലി ഒബ്‌റോയ് തിരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമമനുസരിച്ച്, സിവിൽ തിരഞ്ഞെടുപ്പിന് ശേഷം ഒരു മാസത്തിനകം മുനിസിപ്പൽ ഹൗസ് യോഗം ചേർന്ന് മേയറെ തിരഞ്ഞെടുക്കണം. എന്നിരുന്നാലും, ഡിസംബർ 4 ന് സിവിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ദേശീയ തലസ്ഥാനത്ത് മേയർ തിരഞ്ഞെടുപ്പ് മൂന്ന് തവണയാണ് മുടങ്ങിയത്.

ജനുവരി 6ന്, സിവിൽ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി എംസിഡി സഭ സമ്മേളിച്ചപ്പോൾ, ബിജെപിയിലെയും എഎപിയിലെയും അംഗങ്ങൾ തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കത്തെത്തുടർന്ന് അത് മാറ്റിവയ്ക്കേണ്ടി വന്നു. 

ജനുവരി 24ന് നടന്ന രണ്ടാമത്തെ സമ്മേളനവും തീരുമാനമാവാതെ പിരിഞ്ഞു. പിന്നീട് പ്രിസൈഡിംഗ് ഓഫീസർ തിരഞ്ഞെടുപ്പ് അടുത്ത തീയതിയിലേക്ക് മാറ്റിവച്ചു. ഒടുവിൽ നടന്ന മൂന്നാം സെഷനും പ്രൊ-ടേം പ്രിസൈഡിംഗ് ഓഫീസറും ബിജെപി കൗൺസിലറുമായ സത്യ ശർമ്മ നിർത്തിവയ്ക്കുക ആയിരുന്നു.

ഡിസംബർ നാലിന്, ഏകീകൃത മുനിസിപ്പൽ കോർപ്പറേഷനിലെ 250 വാർഡുകളിൽ 134 എണ്ണത്തിലും വിജയിച്ച് എഎപി 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചിരുന്നു. ബിജെപി 104 വാർഡുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസ് ഒമ്പത് സീറ്റുകൾ നേടി.

Share this story