ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ പ്രതിഷേധം: ജന്തർ മന്തറിൽ പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

നാഷണൽ

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥി-ബഹുജന സംഘടനാ പ്രവർത്തകരെയും പ്രമുഖ നേതാക്കളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

​ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത്. വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേട് ആരോപിച്ചായിരുന്നു സമരം.

​പ്രതിഷേധത്തിന് മുൻകൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. തുടർന്ന് ജന്തർ മന്തറിലേക്കുള്ള വഴികൾ ബാരിക്കേഡുകൾ വെച്ച് അടയ്ക്കുകയും സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു.

​സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, എ.ഐ.എസ്.എ ദേശീയ അധ്യക്ഷ നേഹ ബോറ, അഞ്ജലി ഭരദ്വാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖർ സമരത്തിൽ പങ്കെടുത്തു. ഇവരിൽ ദിപങ്കർ ഭട്ടാചാര്യ, യോഗേന്ദ്ര യാദവ്, നേഹ ബോറ എന്നിവരെയടക്കം പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

​രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി അസം, ചണ്ഡീഗഡ്, പട്ന എന്നിവിടങ്ങളിലും ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അസമിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗൗരവ് ഗൊഗോയ് അടക്കമുള്ള നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags

Share this story