ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ‍്യം
ന‍്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ ജെഎൻയു വിദ‍്യാർഥിയായ ഉമർ ഖാലിദിന് ഇടക്കാല ജാമ‍്യം അനുവദിച്ചു. കർശന ഉപാധികളോടെ ജസ്റ്റിസ് പ്രതിഭ എം സിങ്, ജസ്റ്റിസ് മധു ജെയ്ൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.
തന്‍റെ അമ്മാവന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും ജൂൺ 2ന് അമ്മയുടെ ശസ്ത്രിക്രിയ നടക്കുന്നതും കണക്കിലെടുത്ത് 15 ദിവസം ജാമ‍്യം അനുവദിക്കണമെന്നായിരുന്നു ഉമർ ഖാലിദിന്‍റെ ആവശ‍്യം. എന്നാൽ ജൂൺ ഒന്നു മുതൽ മൂന്നു വരെ മാത്രമാണ് ഉമർ ഖാലിദിന് ജാമ‍്യം അനുവദിച്ചത്.
ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് ഉമർ ഖാലിദ് അടക്കമുള്ള പ്രതികൾക്കെതിരേ ചുമത്തിയിരുന്നത്. 2020 ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിലാണ് കലാപം പൊട്ടിപുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
