മണ്ഡല പുനർനിർണയ ബിൽ: പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ഖാർഗെ

ഖാർഗെ

ന്യൂഡൽഹി: പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി (Delimitation) ബന്ധപ്പെട്ട ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പുതുക്കിയ നിർദ്ദേശങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ് വിപുലമായ ചർച്ചകൾക്കായി ഒരു സർവ്വകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് ഖാർഗെ കത്തിൽ ആവശ്യപ്പെട്ടു.

​കഴിഞ്ഞ ഏപ്രിൽ 17-ന് ലോക്സഭയിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലിന് (131-ാം ഭേദഗതി ബിൽ) ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടിരുന്നു. എന്നാൽ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ ഇതിന്റെ പുതുക്കിയ രൂപം വീണ്ടും കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ ആശങ്കകൾ അറിയിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത്.

സർക്കാരിന്റെ പുതുക്കിയ നിർദ്ദേശങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ പ്രതിപക്ഷത്തിന് ആവശ്യമായ സമയം നൽകണം. അതിനായി ബിൽ പാർലമെന്റിൽ വെക്കുന്നതിന് മുൻപ് സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി തയ്യാറാകണം" - മല്ലികാർജുൻ ഖാർഗെ കത്തിൽ ആവശ്യപ്പെട്ടു.

​മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനും ഇതേ ആവശ്യമുന്നയിച്ച് കത്തുകൾ അയച്ചിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ആശങ്ക പരിഹരിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകാവൂ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. 

Tags

Share this story