പ്രതിപക്ഷ ഉപനേതൃപദവി; പിണറായി വിജയന്‍റെ പരാമർശത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

cpi cpm

ന‍്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവി സിപിഐയ്ക്ക് നൽകില്ലെന്ന് പിണറായി വിജയൻ പരാമർശം നടത്തിയതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഇടതുപക്ഷ മുന്നണിയുടെയും കമ്മ‍്യൂണിസ്റ്റ് പാർട്ടിയുടെയും ഐക‍്യത്തിന് വിള്ളലുണ്ടാക്കാൻ ഇത് കാരണമായെന്നാണ് കേന്ദ്ര കമ്മിറ്റി പറയുന്നത്. പ്രസ്താവന അനവസരത്തിലാണെന്നും നേതൃത്വം പറഞ്ഞു.

വിഷയം സംസ്ഥാനതലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും മുന്നണി ഐക‍്യം നിലനിർത്തി മുന്നോട്ട് പോകണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇത്തരം തർക്കങ്ങൾ മുന്നണി ഐക‍്യത്തെ ദുർബലപ്പെടുത്തുമെന്ന് വിലയിരുത്തിയ നേതൃത്വം വിഷയവുമായി ബന്ധപ്പെട്ട് നേതാക്കൾ മാധ‍്യമങ്ങൾക്ക് മുന്നിൽ പരസ‍്യ പ്രതികരണങ്ങൾ നടത്തി സ്ഥിതി കൂടുതൽ വഷളാക്കിയെന്ന് ചൂണ്ടിക്കാട്ടി.

മുൻ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള നേതാക്കളാണ് വിഷയത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. ഓഗസ്റ്റ് 22ന് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പിണറായി വിജയൻ ഇത്തരത്തിലൊരു പരാമർശം നടത്തിയത്. ഇതിനു പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.

പിണറായി വിജ‍യന്‍റെ രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണിതെന്നും തർക്ക വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെയാണ് തീർക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നു പറഞ്ഞ ബിനോയ് വിശ്വം ആ അവകാശം പാർട്ടിക്ക് മാത്രമാണെന്ന് മാധ‍്യമങ്ങളോട് വ‍്യക്തമാക്കുകയും ചെയ്തു.

ഉപനേതാവ് ആരെന്നത് സംബന്ധിച്ച് സ്പീക്കർക്ക് കത്ത് താനാണ് എഴുതി നൽകേണ്ടതെന്നും കത്ത് നൽകിയാൽ ഉപനേതാവ് വരുമെന്നുമായിരുന്നു പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കത്തിലെ പേര് സിപിഐ നേതാവിന്‍റെയോ അതോ സിപിഎം നേതാവിന്‍റയോ എന്ന് മാധ‍്യമങ്ങൾ ചോദിച്ചപ്പോൾ അതിൽ‌ ഒരു സംശയവുമില്ല. സിപിഎം നേതാവിന്‍റെ പേരായിരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

Tags

Share this story