തോറ്റെങ്കിലും ഷെട്ടറിനെ കൈവിടാതെ കോൺഗ്രസ്; എംഎൽസി സീറ്റ് നൽകി മന്ത്രിസഭയിൽ എത്തിക്കും

shettar

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിന് മന്ത്രിസ്ഥാനം ലഭിച്ചേക്കും. അടുത്തമാസം ഒഴിവു വരുന്ന എംഎൽസി സീറ്റുകളിലൊന്ന് ഷെട്ടറിനു നൽകും. ഷെട്ടറിന്റെ സാന്നിധ്യം മുംബൈ കർണാടക മേഖലയിൽ കോൺഗ്രസിനു വമ്പിച്ച മുന്നേറ്റത്തിന് ഇടയാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഞായറാഴ്ച രാത്രി ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണു തീരുമാനം. വിജയത്തിൽ ജനങ്ങൾക്കു നന്ദി പറയുന്ന പ്രമേയവും നിയമസഭാ കക്ഷിയോഗം പാസാക്കി. ബിജെപി സീറ്റു നിഷേധിച്ചതിനെ തുടർന്ന് ഹൂബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഷെട്ടർ ബിജെപിയുടെ മഹേഷ് തേങ്കിനക്കായിയോട് 34,289 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

വോട്ടർമാർക്കു പണം നൽകിയാണു ബിജെപി തന്നെ പരാജയപ്പെടുത്തിയതെന്നു ജഗദീഷ് ഷെട്ടർ ആരോപിച്ചിരുന്നു. ബിജെപിയുടെ പണക്കൊഴുപ്പും സമ്മർദ തന്ത്രങ്ങളുമാണു പരാജയത്തിന്റെ കാരണം. വീടുകൾ തോറും കയറി ബിജെപി പ്രവർത്തകർ പണം നൽകി. തന്റെ പരാജയം ഉറപ്പാക്കാൻ നടത്തിയ കഠിന പ്രയത്‌നം ബിജെപിയുടെ വമ്പൻ പരാജയത്തിനു കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Share this story