ഭക്തരുടെ പണം സ്വകാര്യ അക്കൗണ്ടിലേക്ക്; മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം
ഭോപ്പാൽ: അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് വിവാദങ്ങൾക്ക് പിന്നാലെ, മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലുള്ള പ്രശസ്തമായ 'മാ ബഗലാമുഖി' ക്ഷേത്രത്തിലും വൻ സാമ്പത്തിക തട്ടിപ്പ് ആരോപണം. ക്ഷേത്ര ഭരണസമിതി അറിയാതെ അനധികൃതമായി രൂപീകരിച്ച സ്വകാര്യ ട്രസ്റ്റ് ഭക്തരിൽ നിന്നും കോടിക്കണക്കിന് രൂപയും സ്വർണ്ണ-വെള്ളി ആഭരണങ്ങളും തട്ടിയെടുത്തതായാണ് പരാതി.
ഔദ്യോഗിക അനുമതിയില്ലാതെ ക്ഷേത്ര പരിസരത്ത് പ്രവർത്തിച്ചിരുന്ന ഈ വ്യാജ സമിതി, സ്വന്തമായി രസീതുകൾ അച്ചടിച്ചാണ് ഭക്തരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചിരുന്നത്. ഈ തുക മുഴുവൻ സർക്കാർ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് പകരം ചില വ്യക്തികളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ഈ സമാന്തര സമിതി ക്ഷേത്രത്തിൽ സജീവമായിരുന്നു എന്നാണ് പ്രാഥമിക വിവരം. അഗർ മാൽവ ജില്ലാ കളക്ടർ പ്രീതി യാദവ് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ പ്രത്യേക സമിതിയെ കളക്ടർ നിയോഗിച്ചു. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രി ധർമേന്ദ്ര സിങ് ലോധ് വ്യക്തമാക്കി. വ്യാജ ഗ്രൂപ്പുകൾ ഉണ്ടാക്കി ദൈവത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവരെ വെറുതെ വിടില്ലെന്നും, ക്ഷേത്രങ്ങളിലെ സംഭാവനകൾ സുതാര്യമാക്കാൻ ഇനി മുതൽ ഡിജിറ്റൽ ക്യു.ആർ കോഡ് സംവിധാനം നിർബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ബിജെപി ഭരണത്തിൽ ക്ഷേത്രങ്ങളിലെ ഖജനാവ് പോലും സുരക്ഷിതമല്ലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
