ബോൾട്ട് അയഞ്ഞതായി മുന്നറിയിപ്പ്: 3 കമ്പനികളുടെ ബോയിങ് വിമാനങ്ങളിൽ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ

ന്യൂഡൽഹി: പുതുതായി പുറത്തിറക്കിയ ബോയിങ് 737 മാർസ് വിമാനത്തിന്റെ ബോൾട്ട് അയഞ്ഞതായി മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ഇന്ത്യയിലെ വിമാന കമ്പനികളിലും പരിശോധന നടത്താൻ ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ' (ഡിജിസിഎ). രാജ്യത്ത് നിന്നുള്ള 3 വിമാന കമ്പനികൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്താൻ ആവശ്യപ്പെട്ടത്.

റഡ്ഡർ കൺട്രോൾ സിസ്റ്റത്തിൽ അയഞ്ഞ ബോൾട്ടുകൾ ഉണ്ടാകാമെന്ന് യുഎസ് ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. നിലവിൽ, ഒരു വിമാനത്തിൽ ഈ തകരാർ കണ്ടെത്തുകയും, അവ ഉടനടി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ യുഎസ് ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും, ബോയിങും ബന്ധപ്പെട്ട് വരികയാണെന്ന് ഡിജിസിഎ അറിയിച്ചു. ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ മൂന്ന് കമ്പനികളും ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. സുരക്ഷാ പരിശോധന നടക്കുന്നുണ്ടെങ്കിലും ഇതുവരെ സർവീസുകളെ ബാധിച്ചിട്ടില്ല.

Share this story