അവസാന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ധര്‍മേന്ദ്രയുടെ മടക്കം

Movie

അവസാന സിനിമയായ ‘ഇക്കിസ്’ റിലീസിന് മുമ്പെ ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ യാത്രയായി. ഡിസംബര്‍ 25ന് ആണ് ഇക്കിസ് തിയേറ്ററുകളില്‍ എത്തുന്നത്. 89 വയസുള്ള ധര്‍മേന്ദ്ര് തന്റെ 90-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മുമ്പാണ് വിടപറഞ്ഞിരിക്കുന്നത്. ഡിസംബര്‍ 8ന് ആണ് ധര്‍മേന്ദ്രയുടെ ജന്മദിനം.

ധര്‍മേന്ദ്രയുടെ മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ‘ഇക്കിസ്’ എന്ന അവസാനത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘കാലാതീതനായ ഇതിഹാസം’ എന്ന ടാഗ് ലൈനോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പരം വീര്‍ ചക്രം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ അരുണ്‍ ഖേതര്‍പാലിന്റെ കഥയാണ് സിനിമയാകുന്നത്.

അരുണിന്റെ പിതാവ് എംഎല്‍ ഖേതര്‍പാലിന്റെ വേഷത്തിലാണ് ധര്‍മേന്ദ്ര ഇക്കിസില്‍ അഭിനയിക്കുന്നത്. ‘പിതാക്കന്മാര്‍ മക്കളെ വളര്‍ത്തുന്നു, ഇതിഹാസങ്ങള്‍ രാഷ്ട്രങ്ങളെ വളര്‍ത്തുന്നു’ എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയാണ് അരുണ്‍ ഖേതര്‍പാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാഡോക്ക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ശ്രീറാം രാഘവ് ആണ് സംവിധാനം ചെയ്യുന്നത്.

അതേസമയം, 1960ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഷോലെ’, ‘ധരം വീര്‍’, ‘ചുപ്‌കെ ചുപ്‌കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേള്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി എത്തിയ ധര്‍മേന്ദ്ര ഏറെ പ്രശസ്തനായി. ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ’ എന്ന ചിത്രമാണ് ധര്‍മേന്ദ്രയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

Tags

Share this story