ധ്യാൻ ശ്രീനിവാസന്റെ 'സിഎം ട്രോൾ' തമിഴ്‌നാട്ടിലും വൈറൽ; വിജയ് ആരാധകർക്ക് കട്ടക്കലിപ്പ്, സൈബർ പോര് ശക്തം

ധ്യാൻ

ചെന്നൈ: മലയാളി താരം ധ്യാൻ ശ്രീനിവാസന്റെ പുതിയ 'സിഎം (മുഖ്യമന്ത്രി) ട്രോൾ' കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും വൻ ചർച്ചയാകുന്നു. തമിഴകത്തെ നിരവധി ഓൺലൈൻ ചാനലുകൾ ധ്യാൻ നടത്തിയ പരാമർശം വാർത്തയാക്കിയതോടെയാണ് എക്സിലും (ട്വിറ്റർ) ഇൻസ്റ്റഗ്രാമിലും തമിഴ് ആരാധകർക്കിടയിൽ ചേരിതിരിഞ്ഞ് തർക്കം ആരംഭിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ പോരിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

​തന്റെ പുതിയ ചിത്രമായ 'വിസിറ്റേഴ്‌സിന്റെ' പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ധ്യാൻ വിവാദമായ ആ തമാശ പങ്കുവെച്ചത്. താൻ എന്നെങ്കിലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സദസ്സിന്റെ മുൻനിരയിൽ നടി നവ്യ നായർ ഉണ്ടായിരിക്കണമെന്നും, തന്റെ സത്യപ്രതിജ്ഞ കണ്ട് നവ്യയുടെ കണ്ണ് നിറയണമെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്.

​തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തെന്നിന്ത്യൻ താരം തൃഷ പങ്കെടുത്തതുമായി ബന്ധപ്പെടുത്തിയാണ് പലരും ഈ വിഡിയോ ട്രോളുകളായി പങ്കുവെച്ചത്. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയെയും തമിഴകത്തെയും ധ്യാൻ അപമാനിച്ചു എന്ന ആരോപണവുമായി വിജയ് ആരാധകർ രംഗത്തെത്തുകയായിരുന്നു. ധ്യാനിനെതിരെ കടുത്ത ഭാഷയിലാണ് വിജയ് ഫാൻസ് പ്രതികരിക്കുന്നത്.

​എന്നാൽ, ധ്യാൻ പറഞ്ഞതിൽ തെറ്റില്ലെന്നും അത് തമാശയായി മാത്രം കാണണമെന്നും വാദിച്ച് ഒരു വിഭാഗം തമിഴ് പ്രേക്ഷകരും ധ്യാനിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇതോടെ കമന്റ് ബോക്സുകളിൽ തമിഴ് ആരാധകർ തമ്മിൽത്തന്നെ വാക്പോര് മുറുകുകയാണ്.

​അതേസമയം, ധ്യാൻ ഒടുവിൽ 'പാൻ ഇന്ത്യൻ' വള്ളി പിടിച്ചെന്നും ചെന്നൈയിലുള്ള ചേട്ടൻ വിനീത് ശ്രീനിവാസൻ ഇനി എന്ത് ചെയ്യുമെന്നുമുള്ള തരത്തിൽ മലയാളികളും ട്രോളുകളുമായി രംഗത്തുണ്ട്. ധ്യാൻ വെറുമൊരു തമാശ മാത്രമാണ് ഉദ്ദേശിച്ചതെന്നും വിജയ്‌യെ പരിഹസിച്ചതല്ലെന്നും വിശദീകരിച്ച് തമിഴ് ആരാധകരെ ശാന്തരാക്കാൻ ചില മലയാളി സോഷ്യൽ മീഡിയ ഉപയോക്താക്കളും ശ്രമിക്കുന്നുണ്ട്.

Tags

Share this story