ഡിജിറ്റൽ പോരാളികളും ഡോക്ടർമാരും യുവമുഖങ്ങളും; മന്ത്രിസഭയിലും പുത്തൻ പരീക്ഷണങ്ങളുമായി ജനനായൻ ജോസഫ് വിജയ്

Vijay CM New

70 വർഷത്തിന് ശേഷം തമിഴ്‌നാട് രാഷ്ട്രീയം ഒരു ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ദ്രാവിഡ പാർട്ടികളുടെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആധിപത്യം തകർത്ത്, ദളപതി സി ജോസഫ് വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയിയുടെ പാർട്ടിയായ ടി.വി.കെ, ആറു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും മാരത്തൺ രാഷ്ട്രീയ ചർച്ചകൾക്കുമൊടുവിലാണ് ഭരിക്കാനാവശ്യമായ മാന്ത്രിക സംഖ്യ ഉറപ്പാക്കിയത്. 

തമിഴ്നാട്ടിന്റെ രാഷ്ട്രീയത്തിന്റെ മുഴുവൻ ചുവരെഴുത്തുകളും മാറ്റിക്കുറിക്കുന്ന കാറ്റാണ് ഇപ്പോൾ തമിഴ്നാട്ടിൽ അടിച്ച് വീശുന്നത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് പുതിയ സർക്കാർ അധികാരമേൽക്കൽ ചടങ്ങ് നടന്നത്. അദ്ദേഹത്തോടൊപ്പം ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രിസഭ രൂപീകരണത്തിലും ഞെട്ടിക്കാൻ വിജയ്

അനുഭവം, യുവത്വത്തിന്റെ ആവേശം, ആധുനിക രാഷ്ട്രീയ കഴിവുകൾ എന്നിവ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ശ്രദ്ധാപൂർവ്വം പരിഗണിച്ചിട്ടുണ്ട്. താഴെത്തട്ടിലും ഡിജിറ്റൽ വാർ റൂമിലും പാർട്ടിയുടെ വിജയം ഉറപ്പാക്കിയവരെ വിജയ് തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടി.വി.കെയുടെ മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരെ പരിചയപ്പെടാം.

എസ്. കീർത്തന (ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി): ശിവകാശിയിൽ നിന്ന് ആദ്യമായി എം.എൽ.എയായ 29-കാരിയായ കീർത്തനയാണ് ഈ മന്ത്രിസഭയിലെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യം. അവരുടെ മൂർച്ചയുള്ള ആശയവിനിമയ വൈദഗ്ധ്യവും ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും സോഷ്യൽ മീഡിയയിൽ ജനപ്രിയ സവിശേഷതയാണ്.

ആദവ് അർജുൻ: ടി.വി.കെ ജനറൽ സെക്രട്ടറിയായ ഇദ്ദേഹം വില്ലിവാക്കത്ത് നിന്നാണ് ജയിച്ചത്. മുൻ ബാസ്കറ്റ്ബോൾ താരവും രാഷ്ട്രീയ തന്ത്രജ്ഞനുമായ ഇദ്ദേഹമാണ് ചെന്നൈയിലെ നഗരപ്രദേശങ്ങളിൽ പാർട്ടിക്ക് ശക്തമായ അടിത്തറ പാകിയത്.

സി.ടി.ആർ. നിർമ്മൽ കുമാർ: തിരുപ്പറകുന്ദ്രം സീറ്റിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച നിർമ്മൽ കുമാറിനെ പാർട്ടിയുടെ ഡിജിറ്റൽ ശക്തിയുടെ ശിൽപിയായി കണക്കാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ പരമ്പരാഗത രാഷ്ട്രീയ മാതൃകയെ അദ്ദേഹം വെല്ലുവിളിച്ചു.

കെ.ജി. അരുൺരാജ്: മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ അരുൺരാജ് തിരുച്ചെങ്കോടിൽ നിന്നാണ് വിജയിച്ചത്. പാർട്ടിയുടെ നയങ്ങളുടെയും പ്രചാരണങ്ങളുടെയും മുഖ്യ തന്ത്രജ്ഞനാണ് അദ്ദേഹം.

എൻ. ആനന്ദ്: വിജയ്‌യുടെ ഏറ്റവും പ്രായം കൂടിയതും വിശ്വസ്തനുമായ സഹായി.സംഘടനയെ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

കെ.എ. സെങ്കോട്ടയൻ: ടി.വി.കെ ചീഫ് കോർഡിനേറ്ററായ ഇദ്ദേഹം ഗോപിചെട്ടിപാളയം മണ്ഡലത്തിൽ നിന്ന് 16,620 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 82,612 വോട്ടുകൾ നേടിയ അദ്ദേഹം ഡി.എം.കെയിലെ എൻ. നല്ലശിവത്തെയാണ് പരാജയപ്പെടുത്തിയത്.

പി. വെങ്കട്ടരമണൻ: ടി.വി.കെയുടെ ട്രഷററും തമിഴ്‌നാട് സൈദാപേട്ട് ലോ അസോസിയേഷന്റെ അഭിഭാഷകനുമാണ്. ചെന്നൈ ജില്ലയിലെ മൈലാപ്പൂർ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് ജയിച്ച വെങ്കട്ടരമണൻ 2000 മുതൽ നടൻ വിജയ്‌യുടെ മാനേജരായി പ്രവർത്തിക്കുന്നു. വിജയിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളാണ്.

രാജ്‌മോഹൻ അറുമുഖം: ചെന്നൈയിലെ എഗ്മൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഇദ്ദേഹം പാർട്ടിയുടെ ശക്തമായ ശബ്ദവും സാമൂഹിക പ്രവർത്തകനുമാണ്. പ്രമുഖരെ അട്ടിമറിച്ചാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയം നേടിയത്.

ഡോ. ടി.കെ. പ്രഭു: കാരൈക്കുടി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ദന്തഡോക്ടറായ പ്രഭു, സിറ്റിംഗ് എം.എൽ.എയായ കോൺഗ്രസിലെ എസ്. മാങ്കുടിയെ 46,074 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

Tags

Share this story