പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറിയത്; ചെങ്കോട്ടയിലെ മ്യൂസിയത്തിൽ നിന്ന് സുഭാഷ് ചന്ദ്രബോസിന്‍റെ തൊപ്പി കാണാതായി
ന്യൂഡൽഹി: ചെങ്കോട്ടയിലെ നേതാജി മ്യൂസിയത്തിൽ നിന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ തൊപ്പി കാണാതായതായി അദ്ദേഹത്തിന്‍റെ ചെറുമകനും മുൻ ബി.ജെ.പി നേതാവുമായ ചന്ദ്രകുമാർ ബോസ്. എക്‌സ് പോസ്റ്റിലൂടെയാണ് നേതാജിയുടെ തൊപ്പി കാണാതായെന്ന് ചന്ദ്രകുമാർ ആരോപിച്ചത്. താനും കുടുംബാംഗങ്ങളും നേതാജിയുടെ തൊപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് കൈമാറിയതായി ചന്ദ്രകുമാർ ബോസ് പറഞ്ഞു.
പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജീ, ഞാനും എന്റെ കുടുംബാംഗങ്ങളും ഓപ്പൺ പ്ലാറ്റ്ഫോം ഫോർ നേതാജി (ഒ.പി.എൻ) യിലെ മറ്റ് നിരവധി പേരും ചേർന്ന് നേതാജിയുടെ തൊപ്പി നിങ്ങൾക്ക് കൈമാറിയത് നിങ്ങൾ ഓർക്കുന്നുണ്ടാകും. 2019 ജനുവരി 23ന് ഡൽഹിയിലെ ചെങ്കോട്ടയിലുള്ള നേതാജി മ്യൂസിയത്തിൽ വെച്ച് നേതാജി ജയന്തി ദിനത്തിലാണ് അത് നിങ്ങൾക്ക് നൽകിയത്' -ചന്ദ്രബോസ് കുറിച്ചു.
Dear Hon'ble-Prime Minister Shri @narendramodi ji, you may recall I along with the members of my family, our friend Shri. @SuparnoSatpathy and many others from 'The Open Platform for Netaji' (OPN) had handed over Netaji's cap to you, which you had personally dedicated at the… pic.twitter.com/MNpmqLqfg1
— Chandra Kumar Bose (@Chandrakbose) March 12, 2026
ഒ.പി.എൻ അംഗമായ അഡ്വക്കേറ്റ് നവീൻ ബാമൽ അടുത്തിടെ മ്യൂസിയം സന്ദർശിച്ചപ്പോൾ നേതാജിയുടെ തൊപ്പി നഷ്ടപ്പെട്ടതായി കണ്ടെത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (എ.എസ്.ഐ) ആർക്കും അത് എവിടെ പോയെന്ന് വിശദീകരിക്കാൻ കഴിഞ്ഞില്ല. നേതാജി നമ്മുടെ ഏറ്റവും വലിയ നേതാവാണ്. ഇത് വളരെ ലജ്ജാകരമാണ്. നിങ്ങൾ ദയയോടെ ഈ കാര്യം പരിശോധിക്കണമെന്ന് അറിയിക്കുന്നു' -ചന്ദ്രകുമാർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിക്ക് തൊപ്പി കൈമാറിയതിന്റെ ചിത്രങ്ങളും എക്സിൽ പങ്കുവെച്ചിട്ടുണ്ട്. മ്യൂസിയത്തിൽ നിന്ന് നേതാജിയുടെ തൊപ്പി എങ്ങനെ കാണാതായെന്ന് വ്യക്തമാക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും താൻ നേരിട്ട് കൈമാറിയ തൊപ്പി അദ്ദേഹം മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിലെ ഒരു ഗ്ലാസ് പെട്ടിയിൽ വെച്ചു. ഇപ്പോൾ പെട്ടി ശൂന്യമാണെന്നും ചന്ദ്രബോസ് പറഞ്ഞു.
