ഖാർഗെയ്‌ക്കെതിരായ വിവേചനം: ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിക്ഷേധിച്ചു

മനു

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് പിന്നാലെ, ബിജെപി പ്രവർത്തകർ വേദിയിൽ ഹവനവും 'ശുദ്ധീകരണ' പൂജയും നടത്തിയ സംഭവത്തിലാണ് പ്രതിഷേധം ശക്തമായത്. ഒരു ദളിത് നേതാവ് പങ്കെടുത്ത വേദി ശുദ്ധീകരിച്ചത് ദളിത് സമൂഹത്തെയും ഭരണഘടനയെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

​യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിൽ ഡൽഹി ഝാന്ദേവാലാനിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിലേക്ക് നടത്തിയ മാർച്ചിനിടയിലാണ് പ്രവർത്തകർ മനുസ്മൃതി കത്തിച്ചത്. കൈകളിൽ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പുകളേന്തിയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തത്.

​"ഈ രാജ്യം ഭരിക്കപ്പെടേണ്ടത് ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടന അനുസരിച്ചാണ്, അല്ലാതെ മനുസ്മൃതിയോ സംഘപരിവാർ സിദ്ധാന്തങ്ങളോ അനുസരിച്ചല്ല," എന്ന് ഉദയ് ഭാനു ചിബ് മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യരെ ജാതിയുടെയും വിവേചനത്തിന്റെയും അടിസ്ഥാനത്തിൽ തരംതിരിക്കുന്ന അജണ്ടകൾക്കെതിരെയുള്ള കൃത്യമായ സന്ദേശമാണ് ഈ പ്രതിഷേധമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. പ്രതിഷേധത്തെ തുടർന്ന് ഉദയ് ഭാനു ചിബ് ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

Tags

Share this story