ദിഷ സാലിയന്റെ മരണം: എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ; ആദിത്യ താക്കറെയും റിയ ചക്രവർത്തിയും പ്രതിപ്പട്ടികയിൽ
മുബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മാനേജറായിരുന്ന ദിഷ സാലിയന്റെ മരണത്തിൽ മുംബൈ ഹെക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ശിവസേന നേതാവും എംഎൽഎയുമായ ആദിത്യ താക്കറെ, റോഹൻ റോയ്, നടന്മാരായ ഡിനോ മോറിയ, സൂരജ് മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാജെ, മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ് ഡിസിപി വിശാൽ താക്കൂർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.
ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കൽ, വ്യാജ ആത്മഹത്യാ കഥ പ്രചരിപ്പിക്കൽ, പദവികൾ ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. ആറുവർഷമായി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത മുംബൈ പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി പിന്നീട് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.
2020 ജൂൺ 8നാണ് മുംബൈയിലെ മാലാഡിലെ സമുച്ചയത്തിൽ ദിഷ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ജൂൺ 14ന് സുശാന്ത് സിംഗ് രാജ്പുതിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നും മരണത്തിൽ ദുരൂഹതയില്ലെന്നുമായിരുന്നു മുംബൈ പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്.
എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ദിഷ സാലിയന്റെ പിതാവ് സതീഷ് സാലിയൻ ഹൈക്കോടതിയെ സമീപിക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സതീഷ് സാലിയൻ നൽകിയ മൊഴിയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നിലവിൽ കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
