ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാൽ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്

ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന കാരണത്താല്‍ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി. യുവതിയുടെ ഹർജിയിൽ ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവ്‌ല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സംസ്ഥാന സർക്കാരിന് പുറമെ ഗുജറാത്തിലെ ജാംനഗറിലെ സ്‌കൂൾ മേധാവിയോടും ഉത്തർപ്രദേശിലെ ഖിരി ആസ്ഥാനമായുള്ള മറ്റൊരു സ്വകാര്യ സ്‌കൂളിന്‍റെ ചെയർപേഴ്‌സണോടും സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടു. 2 സ്‌കൂളുകളിലും ട്രാന്‍സ്‌ജെന്‍ഡറാണെന്ന് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്നാണ് ജെയ്ൻ കൗശിക് (31) ന്‍റെ പരാതി. ഇവരുടെ ഹർജി 2 വ്യത്യസ്ത ഹൈക്കോടതികളിൽ നിലനിൽക്കെ അവിടെ ഇനിയും വാദം തുടരാന്‍ താൽപര്യപ്പെടുന്നിലെന്നറിയിച്ച് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

"തങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാം," എന്നറിയിച്ച കോടതി കേസിൽ നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. ഉത്തർപ്രദേശിലെ സ്‌കൂളിൽ നിന്നും നിയമന കത്ത് നൽകിയിരുന്നതായും പിരിച്ചു വിടുന്നതിന് മുമ്പ് 6 ദിവസം പഠിപ്പിച്ചതായും ട്രാൻസ്‌ജെൻഡറിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഗുജറാത്ത് സ്‌കൂളിൽ നിയമന കത്ത് നൽകുകയും എന്നാൽ പിന്നീട് അവരുടെ ഐഡന്‍റിറ്റി അറിഞ്ഞതിനെ തുടർന്ന് ചേരാനുള്ള അവസരം നിഷേധിക്കുകയും ചെയ്തുവെന്ന് അഭിഭാഷകൻ പറഞ്ഞു. തന്‍റെ മൗലികാവകാശങ്ങൾ നടപ്പാക്കണമെന്നാണ് ഹർജിക്കാരി കോടതിയിൽ ആവശ്യപ്പെടുന്നത്.

Share this story