കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം രൂക്ഷം; ഡികെ ശിവകുമാർ പക്ഷം ഡൽഹിയിൽ
കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അനുയായികളായ എം എൽ എമാർ ഡൽഹിയിലേക്ക്. സിദ്ധരാമയ്യ സർക്കാരിന്റെ രണ്ടര വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പദം പങ്കിടാമെന്ന വാഗ്ദാനം പാലിക്കണം എന്ന് ആവശ്യപ്പെടാനാണ് എം എൽ എമാർ പാർട്ടി ഹൈക്കമാൻഡിനെ സമീപിക്കുന്നത്.
ഒരു മന്ത്രിയടക്കം പത്തോളം എംഎൽഎമാരാണ് ഡൽഹിയിലെത്തിയത്. കൂടുതൽ പേർ ഇന്ന് എത്തുമെന്നാണ് റിപ്പോർട്ട്. അധികാരം പങ്കുവെക്കൽ കരാർ നടപ്പാക്കണമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരെ കണ്ട് എംഎൽഎമാർ ആവശ്യപ്പെടും
രാഷ്ട്രീയ നീക്കങ്ങൾ അണിയറയിൽ മുറുകുമ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ചയും ശനിയാഴ്ചയും നിശ്ചയിച്ചിരുന്ന മൈസൂരു, ചാമരാജനഗർ എന്നിവിടങ്ങളിലേക്കുള്ള യാത്ര റദ്ദാക്കി ബംഗളൂരുവിലേക്ക് മടങ്ങി.
