ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം; എംഎൽഎമാരുടെ മൂന്നാമത്തെ സംഘവും ഡൽഹിയിൽ
കർണാടകയിൽ മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള അധികാര വടംവലി രൂക്ഷമായതോടെ ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തുന്നതിനായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അനുകൂലിക്കുന്ന കോൺഗ്രസ് എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിയലെത്തി. സിദ്ധരാമയ്യയിൽ നിന്ന് മുഖ്യമന്ത്രി പദവി ശിവകുമാറിന് കൈമാറണമെന്നാണ് സംഘത്തിന്റെ ആവശ്യം
ഹൈക്കമാൻഡുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ട് എട്ട് നിയമസഭാ അംഗങ്ങൾ കൂടിയാണ് ഞായറാഴ്ച രാത്രി ഡൽഹിയിലെത്തിയത്. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലാവധി പകുതി പിന്നിട്ട സാഹചര്യത്തിൽ അധികാര പങ്കിടൽ ഫോർമുല നടപ്പാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞാഴ്ച എംഎൽഎമാരുടെ രണ്ട് സംഘങ്ങളും ഡൽഹിയിലെത്തിയിരുന്നു
2023 മെയ് മാസത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ രണ്ടര വർഷത്തിന് ശേഷം പദവി ശിവകുമാറിന് കൈമാറാമെന്ന് പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ സിദ്ധരാമയ്യ തള്ളിക്കളഞ്ഞു.
