വിവാദ പരാമർശം: ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

ഉദയനിധി

ചെന്നൈ: പൊതുവേദിയിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ ഡി.എം.കെ നേതാവും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. ചെന്നൈ നീലാങ്കരയിലെ വസതിയിൽ വെച്ച് തഞ്ചാവൂർ ഈസ്റ്റ് പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

​കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടയിലാണ് വിവാദ സംഭവം നടന്നത്. മുഖ്യമന്ത്രി സി. ജോസഫ് വിജയെയെ വിമർശിച്ചു സംസാരിക്കുന്നതിനിടയിൽ സദസ്സിൽ നിന്ന് ഉയർന്ന ചില വിളികളോട് പ്രതികരിക്കവെ, നടി ത്രിഷയെ ലക്ഷ്യമിട്ട് ഉദയനിധി അപകീർത്തികരമായ ഇരട്ട അർഥപ്രയോഗം നടത്തിയെന്നാണ് ആരോപണം.

സംഭവത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ആറ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കാവേരി ജല തർക്കത്തിൽ തഞ്ചാവൂരിൽ സംഘടിപ്പിച്ച വൻ പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറന്ന വിവാദ പരാമർശം. ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അധികൃതർ കേസെടുത്ത് നടപടികളിലേക്ക് കടന്നത്.

​ഇതിനെതിരെ വലിയ രാഷ്ട്രീയ പ്രതിഷേധമാണ് ഉയർന്നുവന്നത്. വനിതാ നേതാക്കളും മറ്റ് പ്രതിപക്ഷ കക്ഷികളും പരാമർശത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് തമിഴക വെട്രി കഴകം (ടി.വി.കെ) നൽകിയ ഔദ്യോഗിക പരാതിയുടെയും ദേശീയ വനിതാ കമ്മീഷൻ ഇടപെടലിന്റെയും അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഈ നടപടി. 

Tags

Share this story