മുഖ്യമന്ത്രി വിജയിക്കെതിരെ അധിക്ഷേപ പരാമർശം: ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

DMK

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ഡിഎംകെ എംഎൽഎ അനിത ആർ. രാധാകൃഷ്ണനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പൊലീസിന്റെ ഈ നിർണായക നടപടി.

​ജൂൺ 20-ന് തിരുച്ചെന്തൂരിനടുത്ത് നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രി വിജയിക്കെതിരെ രാധാകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് ടിവികെ ഭാരവാഹികൾ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

​കേസിൽ അറസ്റ്റ് ഒഴിവാക്കാനായി അനിത രാധാകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ജി.കെ ഇളന്തിരയ്യൻ ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ച് രൂക്ഷവിമർശനത്തോടെ തള്ളുകയായിരുന്നു. ഒരു മുൻ മന്ത്രിയും ജനപ്രതിനിധിയുമായ വ്യക്തി മുഖ്യമന്ത്രിയുടെ പദവിയെ ബഹുമാനിക്കാൻ ബാധ്യസ്ഥനാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

​അതേസമയം, എംഎൽഎയുടെ അറസ്റ്റിനെതിരെ ഭരണപക്ഷമായ ഡിഎംകെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും, പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണിതെന്നും ഡിഎംകെ എംപി കനിമൊഴി കുറ്റപ്പെടുത്തി.

Share this story