ഡേറ്റ ഡിലീറ്റ് ചെയ്യരുത്; ആദായ നികുതി സര്‍വ്വെയുടെ മൂന്നാം ദിനത്തില്‍ ജീവനക്കാരോട് ബിബിസി

BBC

ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന സര്‍വ്വെ തുടര്‍ച്ചയായ മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഒരു വിവരങ്ങളും ഡിലീറ്റ് ചെയ്യരുതെന്നാണ്  ബിബിസി ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരോട് തയ്യാറായിരിക്കാനും ആദായ നികുതി ഉദ്യോഗസ്ഥരുമായി സഹകരിക്കാനും മാധ്യമ സ്ഥാപനം ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

ചൊവ്വാഴ്ച്ച ഓഫീസുകളില്‍ ആദായ നികുതി സര്‍വേ ആരംഭിച്ചതിനുശേഷം ബിബിസി ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാര്‍ക്ക് രണ്ട് സന്ദേശങ്ങള്‍ അയച്ചു. ഐടി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് തയ്യാറാകാനും അന്വേഷണത്തില്‍ സഹകരിക്കാനും ബിബിസി, ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലെ ജീവനക്കാര്‍ക്കുളള നിര്‍ദ്ദേശങ്ങളുടെ ഒരു ലിസ്റ്റും അയച്ചിട്ടുണ്ട്. സര്‍വ്വേ മൂലം മാനസികവും വൈകാരികവുമായ പീഡനം അനുഭവിച്ചാല്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് കമ്പനി ഉറപ്പുനല്‍കുകയും അത്തരം ജീവനക്കാര്‍ കമ്പനി കൗണ്‍സിലര്‍മാരുമായി ബന്ധപ്പെടാനും ബിബിസി അഭ്യര്‍ത്ഥിച്ചു.

ആദായ നികുതി സര്‍വേ ആരംഭിച്ചപ്പോള്‍, ബിബിസി ഡല്‍ഹി ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും അവരോട് വീട്ടിലേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിബിസിയുടെ അന്താരാഷ്ട്ര നികുതി സംബന്ധിച്ച പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ ചൊവ്വാഴ്ച രാവിലെ 11:30 നാണ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ എത്തിയത്.

അതേസമയം, ആദായനികുതി വകുപ്പ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷവും  ടെലിവിഷന്‍, റേഡിയോ, ബുള്ളറ്റിനുകള്‍ എന്നിവയുള്‍പ്പെടെ പ്രക്ഷേപണ സേവനങ്ങള്‍ക്ക് ആവശ്യമായ എല്ലാ ജീവനക്കാരും ഓഫീസില്‍ നിന്ന് ജോലി ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. എഡിറ്റോറിയല്‍ പ്രവര്‍ത്തനങ്ങളില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും എഡിറ്റോറിയല്‍ ജീവനക്കാരെ നിയന്ത്രിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.തിരഞ്ഞെടുത്ത ജീവനക്കാരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 

Share this story