സംഭാവന തട്ടിപ്പ് വിവാദം: രാമക്ഷേത്ര ട്രസ്റ്റ് സിഇഒ നിയമനം; അഭിമുഖങ്ങൾ അയോധ്യയിൽ ആരംഭിച്ചു
അയോധ്യ: അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും പിന്നാലെ ഭരണനിർവ്വഹണവും സാമ്പത്തിക കാര്യങ്ങളും കൂടുതൽ സുതാര്യമാക്കാൻ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് നടപടികൾ ഊർജ്ജിതമാക്കി. ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (CEO) തെരഞ്ഞെടുക്കുന്നതിനുള്ള അന്തിമ അഭിമുഖങ്ങൾ അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിൽ ആരംഭിച്ചു.
ലഭിച്ച 5,200-ലധികം അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത 18-ഓളം പ്രമുഖ സ്ഥാനാർത്ഥികളാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, റിട്ട. ലെഫ്റ്റനന്റ് ജനറൽ വിഷ്ണു കാന്ത് ചതുർവേദി, ഡോ. സുരേഷ് ഹവാരെ എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയാണ് ഇന്റർവ്യൂ നടത്തുന്നത്. സമിതി നൽകുന്ന മൂന്ന് പേരുകളിൽ നിന്ന് സെപ്റ്റംബർ 2-ന് ട്രസ്റ്റ് പുതിയ സിഇഒയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
