ഇതിലേക്ക് ജാതി വലിച്ചിഴയ്ക്കരുത്; ഇതാര്ക്കും സംഭവിക്കാം: ഗുരുഗ്രാം റോഡപകടത്തിലെ ഇരയായ ബൈക്കർ സിയ
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാം ഗോൾഫ് കോഴ്‌സ് റോഡിൽ കാർ ഇടിച്ചു വീഴ്ത്തിയ സംഭവത്തെ സോഷ്യൽ മീഡിയയിൽ ജാതീയമായ വ്യാഖ്യാനങ്ങളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇരയായ ബൈക്കർ സിയ. ഈ അപകടത്തെ ജാതിയുമായി ബന്ധപ്പെടുത്തുന്നത് അർത്ഥശൂന്യമാണെന്നും, ഇത്തരം അനാവശ്യ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും സിയ മാധ്യമങ്ങളോട് പറഞ്ഞു.
"സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെ ജാതീയ വിഷയമാക്കി മാറ്റാൻ ചിലർ ശ്രമിക്കുന്നുണ്ട്. വ്യക്തിപരമായി ഇതിലേക്ക് ജാതി വലിച്ചിഴയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് ഒരു പെൺകുട്ടിക്കോ മുതിർന്നയാൾക്കോ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു റോഡ് അപകടവും അതിക്രമവുമാണ്. അതിനാൽ ഇത്തരം പ്രചാരണങ്ങൾ യുക്തിഹീനമാണ്" - സിയ വ്യക്തമാക്കി.
കേസിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ടെന്നും, പ്രതികൾക്ക് അർഹമായ കടുത്ത ശിക്ഷ ഉറപ്പാക്കാൻ കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സിയ സഞ്ചരിച്ചിരുന്ന സൂപ്പർ ബൈക്കിന് പിന്നിൽ അതിവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച് നിർബന്ധപൂർവം നിർത്തിക്കാതെ ഓടിച്ചുപോയത്. സിയയുടെ ഹെൽമറ്റ് ക്യാമറയിൽ പതിഞ്ഞ ഈ റോഡ് റേജിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന കല്യാൺ ബൈൻസ്ല ഉൾപ്പെടെയുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
