"ഫയലുകൾ തുറക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്": നിയമസഭയിൽ ഡി.എം.കെക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
ചെന്നൈ: കഴിഞ്ഞ ഡി.എം.കെ സർക്കാരിൻ്റെ കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകളുള്ള ഫയലുകൾ തന്റെ മേശപ്പുറത്തുണ്ടെന്നും, അത് പുറത്തുവിടാൻ തങ്ങളെ നിർബന്ധിക്കരുതെന്നും പ്രതിപക്ഷമായ ഡി.എം.കെക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ മുന്നറിയിപ്പ്. തമിഴ്‌നാട് നിയമസഭയിൽ നടന്ന രൂക്ഷമായ തർക്കങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശം.
വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ, മുൻ ഡി.എം.കെ ഭരണകാലത്തെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് തെളിവുണ്ടോ എന്ന് ഡി.എം.കെ അംഗങ്ങൾ ചോദ്യമുയർത്തിയിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി വിജയ് ഇടപെടുന്ന് സംസാരിച്ചത്.
"സംസാരിക്കാൻ ഉദ്ദേശിച്ചതല്ല, എന്നാൽ പ്രതിപക്ഷം തുടർച്ചയായി തെളിവ് ചോദിച്ചുകൊണ്ടിരിക്കുകയാണ്. മുൻ ഭരണത്തിലെ മൂന്ന് പ്രധാന വകുപ്പുകളിലെ അന്വേഷണ ഫയലുകൾ എൻ്റെ മേശപ്പുറത്തുണ്ട്. അതിൽ കൃത്യമായ തെളിവുകളുമുണ്ട്. ആ ഫയലുകൾ ഇപ്പോൾ തന്നെ തുറക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്. ഉചിതമായ സമയത്ത് എല്ലാ വിവരങ്ങളും തെളിവുസഹിതം ജനങ്ങൾക്ക് മുന്നിൽ പുറത്തുവിടും," എന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികളിലെ ക്രമക്കേടുകളെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാക്പോര് നടന്നതോടെ നിയമസഭയിൽ വലിയ ബഹളമാണ് ഉടലെടുത്തത്.
