മേക്കേദാട്ടു പദ്ധതിക്ക് അനുമതി നൽകരുത്; കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്: നിയമസഭയിൽ പ്രമേയം പാസാക്കി
ചെന്നൈ: കർണാടകയുടെ വിവാദമായ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ ശക്തമായ നിലപാടുമായി തമിഴ്‌നാട്. കാവേരി നദിക്ക് കുറുകെ മേക്കേദാട്ടൂവിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. പദ്ധതിക്ക് സാങ്കേതിക-പരിസ്ഥിതി അനുമതികൾ നൽകരുതെന്ന് പ്രമേയത്തിലൂടെ തമിഴ്‌നാട് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ ഏകപക്ഷീയമായാണ് കർണാടക ഈ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വിജയ് കുറ്റപ്പെടുത്തി. പദ്ധതി യാഥാർത്ഥ്യമായാൽ അത് തമിഴ്‌നാട്ടിലെ കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക.
എന്നാൽ, ബെംഗളൂരു നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും വൈദ്യുതി ഉൽപ്പാദിപ്പിക്കാനുമാണ് മേക്കേദാട്ടു പദ്ധതി ലക്ഷ്യമിടുന്നതെന്നും ഇത് തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നുമാണ് കർണാടകയുടെ വാദം. എന്നാൽ തമിഴ്‌നാട് ഈ വാദം പൂർണ്ണമായും തള്ളിക്കളയുകയാണ്.
