നിങ്ങളുടെ രാഷ്ട്രീയം കോടതിയിൽ വേണ്ട, ആരുടെയും ഭീഷണിക്ക് വഴങ്ങില്ല: ക്ഷുഭിതനായി ചീഫ് ജസ്റ്റിസ്

chandrachud

ജഡ്ജിയായിരുന്ന കഴിഞ്ഞ 22 വർഷം ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും അവശേഷിക്കുന്ന രണ്ട് വർഷവും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്. സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏക്കർ ഭൂമി അഭിഭാഷകരുടെ ചേംബർ നിർമിക്കുന്നതിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി കേൾക്കണമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ശബ്ദമുയർത്തി ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി

ഹർജി അടിയന്തരമായി കേൾക്കണമെന്ന് വികാസ് സിംഗ് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അഭിഭാഷകരുമായി എത്തി ജഡ്ജിമാരുടെ വസതികൾക്ക് മുന്നിൽ ധർണ ഇരിക്കുമെന്നുംവികാസ് സിംഗ് പറഞ്ഞു. ഇതോടെ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് വികാസ് സിംഗിനോട് ഇരിക്കാൻ ആവശ്യപ്പെട്ടു

ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് ഞാൻ. എന്നെ ഭീഷണിപ്പെടുത്താൻ നോക്കേണ്ട. ഹർജി പതിനേഴിന് കേൾക്കും. എന്നാൽ ഒന്നാമത്തെ കേസായി കേൾക്കാൻ കഴിയില്ല. നിങ്ങളുടെ രാഷ്ട്രീയം കോടതിയിൽ ആകരുത്. നടപടിക്രമങ്ങൾ എന്താണെന്ന് എന്നോട് പറയേണ്ട. എന്റെ കോടതിയിൽ എന്ത് നടപടിക്രമമാണ് നടപ്പാക്കേണ്ടതെന്ന് എനിക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് ക്ഷുഭിതനായി പറഞ്ഞു. ഇതോടെ വികാസ് സിംഗിന്റെ നടപടിയിൽ മുതിർന്ന അഭിഭാഷകർ ചീഫ് ജസ്റ്റിസിനോട് ഖേദം പ്രകടിപ്പിച്ചു.
 

Share this story