ഞങ്ങളുടെ സമയം കളയരുത്; ഡൽഹി പോലീസ് അതിക്രമങ്ങൾക്കെതിരെയുള്ള ഹർജി തള്ളി സുപ്രീം കോടതി: ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമർശിച്ചു
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പോലീസ് അതിക്രമം കാണിച്ചുവെന്നാരോപിച്ച് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹർജി ഉന്നയിച്ച അഭിഭാഷകനോട് "കോടതിയുടെ സമയം കളയരുത്" എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് രൂക്ഷമായ ഭാഷയിൽ വ്യക്തമാക്കി.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കു നേരെ പോലീസ് ബലപ്രയോഗം നടത്തിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങൾ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ അഭിഭാഷകൻ കോടതിയിൽ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും, "ഞങ്ങളുടെ സമയം കളയരുത്, നിങ്ങളുടെ സമയവും കളയരുത്... വളരെ നന്ദി" എന്ന് പറഞ്ഞ് സുപ്രീം കോടതി ബെഞ്ച് വാദം കേൾക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു.
