ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ

DD

ന്യൂഡൽഹി: ലോകകപ്പ് ഫുട്ബോളിന്‍റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം ദൂരദർശൻ സ്വന്തമാക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ലോകകപ്പ് ടെലികാസ്റ്റ് ചെയ്യാൻ സ്വകാര്യ ചാനലുകൾ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് ദൂരദർശന് വഴി തെളിയുന്നത്.

അമെരിക്കയിലും മെക്സിക്കോയിലും ക്യാനഡയിലുമായാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. ഇന്ത്യൻ സമയ പ്രകാരം മത്സരങ്ങളിൽ അധികവും അർധരാത്രിക്കുശേഷമാണ് തുടങ്ങുക.

പുലർച്ചെ ആരംഭിക്കുന്ന മത്സരങ്ങളുമുണ്ട്. അതിനാൽ കാഴ്‌ച്ചക്കാർ കുറയുമെന്ന കാരണത്താലാണ് സ്റ്റാർ സ്പോർട്സും സോണി നെറ്റ്‌വർക്കും അടക്കമുള്ള സ്വകാര്യ ചാനൽ ശൃംഖലകൾ ലോകകപ്പിനോട് മുഖംതിരിക്കുന്നത്. പരസ്യവരുമാനം പ്രതീക്ഷിച്ചപോലെ ലഭിക്കില്ലെന്നും പ്രൈവറ്റ് ചാനലുകൾ കണക്കുകൂട്ടുന്നു.

ലോകകപ്പിന്‍റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശത്തിന് 100 മില്യൺ ഡോളറാണ് (944 - 953 കോടി രൂപ) ഫിഫ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് അതു 30 മില്യൺ ഡോളറിലേക്ക് (285 കോടി രൂപ) താഴ്ത്തിയിരുന്നു. എന്നാൽ റിലയൻസ്-ഡിസ്നി 20 മില്യൺ ഡോളർ (190 കോടിയിലേറെ രൂപ) മാത്രമാണ് സംപ്രേക്ഷണാവകാശത്തിന് മൂല്യമിട്ടത്. തുടർന്ന് ഫിഫയും ചാനലും തമ്മിലുള്ള കരാർ യാഥാർഥ്യമാകാതെ പോകുകയായിരുന്നു.

സോണി പിക്ച്ചേഴ്സ് ബിഡ്ഡിങ്ങിൽ പ‌ങ്കെടുത്തിരുന്നില്ല. ദൂരദർശന് സംപ്രേക്ഷണാവകാശം ലഭിച്ചാൽ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് അതു വലിയ നേട്ടമാകും. ഉയർന്ന തുകയുടെ സബ്സ്ക്രിപ്ഷൻസും സ്ട്രീമിങ് പാക്കെജുകളും ഇല്ലാതെ തന്നെ മത്സരങ്ങൾ കാണാൻ ആരാധകർക്ക് അവസരമൊരുങ്ങും.

Tags

Share this story