രാഹുൽ ഗാന്ധിക്ക് പിന്നാലെ ഡോവൽ വിയറ്റ്നാമിൽ; സഹകരണം ശക്തമാക്കും: സന്ദർശന വിവരങ്ങൾ പുറത്ത്
ഹനോയ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ വിയറ്റ്നാം സന്ദർശിച്ചതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലും തലസ്ഥാനമായ ഹനോയിയിലെത്തി. നവംബർ ഒന്നിനാണ് ഡോവൽ വിയറ്റ്നാമിൽ എത്തിയത്. കഴിഞ്ഞ ദിവസം ഡോവൽ വിയറ്റ്നാമിലെ ബുദ്ധക്ഷേത്രത്തിൽ എത്തിയതോടെയാണ് സന്ദർശനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിയറ്റ്നാമിന്റെ ഉന്നത പ്രതിരോധ, സുരക്ഷാ നേതൃത്വവുമായി തിങ്കളാഴ്ച ഡോവൽ കൂടിക്കാഴ്ച നടത്തി. രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം, സൈബർ സുരക്ഷ, പ്രതിരോധ സഹകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു എന്നാണ് വിയറ്റ്നാം സർക്കാരിന്റെ പ്രസ്താവനകളും മാധ്യമ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
വിയറ്റ്നാമിലെത്തിയ അജിത് ഡോവൽ ഞായറാഴ്ച വിയറ്റ്നാമിന്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ഗിയാങ്ങുമായും സുരക്ഷാ മന്ത്രി ജനറൽ ലുവോങ് ടാം ക്വാങ്ങുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധ രംഗത്ത് അടുത്തിടെ ഇന്ത്യയുമായി വിയറ്റ്നാം ഏറെ അടുത്തിരുന്നു. കഴിഞ്ഞ മേയ് മാസം വിയറ്റ്നാം പ്രസിഡന്റ് ടോ ലാമിന്റെ സന്ദർശന വേളയിൽ ഇന്ത്യയിൽനിന്നും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ വാങ്ങുന്ന കരാറിൽ ഒപ്പിട്ടിരുന്നു. സന്ദർശന വേളയിൽ ഇന്ത്യ വിയറ്റ്നാമിനു പട്രോളിങ് ബോട്ടുകളും കൈമാറിയിരുന്നു. ചൈനയുടെ ഭാഗത്തുനിന്നും അതിർത്തി തർക്കം അടക്കമുള്ള ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന വിയറ്റ്നാം ഇന്ത്യയുമായുള്ള പങ്കാളിത്തത്തിനു വലിയ പ്രാധാന്യമാണ് നൽകുന്നത്. ദക്ഷിണ ചൈന കടലിലെ ചൈനീസ് അവകാശവാദങ്ങളെയും കടന്നുകയറ്റത്തെയും എതിർക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വിയറ്റ്നാമും ഉൾപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഡോവലുമായുള്ള കൂടിക്കാഴ്ചയിൽ രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ചുള്ള ചർച്ചകൾ ചൈനയെ സംബന്ധിച്ചും നിർണായകമാണ്.
അതേസമയം പതിവുപോലെ ഡോവലിന്റെ വിദേശ സന്ദർശനത്തെ കുറിച്ച് ഇന്ത്യ മുൻകൂട്ടി ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിരുന്നില്ല. വിയറ്റ്നാം പ്രതിരോധ മന്ത്രിയെ ഡോവൽ സന്ദർശിച്ചു എന്ന വിവരം മാത്രമാണ് ഹനോയിലെ ഇന്ത്യൻ എംബസി നൽകിയത്. പ്രതിരോധ സഹകരണം ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ചർച്ചയിൽ തീരുമാനമായെന്നും ഇന്ത്യൻ എംബസി എക്സിൽ പോസ്റ്റ് ചെയ്തു.
