ദില്ലി മെട്രോയിൽ നാടകീയ രംഗങ്ങൾ: യുവതിയുടെ ചിത്രമെടുത്ത സിഐഎസ്എഫ് ജവാനെതിരെ യാത്രക്കാരുടെ പ്രതിഷേധം; വാക്കേറ്റവും കൈയങ്കളിയും
ന്യൂഡൽഹി: ദില്ലി മെട്രോ കോച്ചിൽ യുവതിയുടെ സമ്മതമില്ലാതെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തിയെന്ന ആരോപണത്തെ തുടർന്ന് സിഐഎസ്എഫ് (CISF) ജവാനും യാത്രക്കാരും തമ്മിൽ രൂക്ഷമായ തർക്കവും വാക്കേറ്റവും. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ചിത്രങ്ങൾ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ രഹസ്യമായി ഫോണിൽ പകർത്തി എന്ന ആരോപണമാണ് തർക്കത്തിന് തുടക്കമിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി ചോദ്യം ചെയ്തെങ്കിലും ഉദ്യോഗസ്ഥൻ ആരോപണം നിഷേധിക്കുകയായിരുന്നു. തുടർന്ന് മറ്റ് യാത്രക്കാർ ഇടപെട്ട് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുടെ ചിത്രങ്ങൾ ഗാലറിയിൽ കണ്ടെത്തുകയായിരുന്നു.
ചിത്രങ്ങൾ ഉടനടി ഡിലീറ്റ് ചെയ്യണമെന്ന് യാത്രക്കാരും യുവതിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി. തുടർന്ന് സ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച ജവാനെ യാത്രക്കാർ തടഞ്ഞുവെക്കാൻ ശ്രമിച്ചത് കൈയങ്കളിയിലേക്ക് നയിച്ചു. തർക്കത്തിനിടെ ജവാൻ തന്റെ സർവീസ് പിസ്റ്റൾ പുറത്തെടുത്തത് യാത്രക്കാർക്കിടയിൽ വലിയ ഭീതി പരത്തി.
