നേവി യൂണിഫോം ധരിച്ചെത്തി ആയുധങ്ങളുമായി കടന്നുകളഞ്ഞു; നേവൽ റസിഡൻഷ്യൽ ഏരിയയിൽ വൻ സുരക്ഷാ വീഴ്ച

navy

മുംബൈയിൽ നാവികസേന ഉദ്യോഗസ്ഥനായി വേഷം മാറി വന്നയാൾ നേവൽ റസിഡൻഷ്യൽ ഏരിയയിൽ നിന്ന് ആയുധങ്ങളുമായി കടന്നുകളഞ്ഞു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് ഇയാൾ മോഷ്ടിച്ചത്. ശനിയാഴ്ച രാത്രിയാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്.

കാവൽ ജോലിയിലുണ്ടായിരുന്ന ജൂനിയർ ലെവൽ നാവികനെ കബളിപ്പിച്ചാണ് ഇയാൾ ആയുധം കൈവശപ്പെടുത്തിയത്. പിന്നാലെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്താൻ നാവികസേനയും മുംബൈ പോലീസും വ്യാപക തെരച്ചിൽ തുടരുകയാണ്.

കാവൽ ജോലിയിൽ നിന്നിരുന്ന ജൂനിയർ നാവികന്റെ അടുത്തേക്ക് നാവികസേനയുടെ യൂണിഫോം ധരിച്ചാണ് ഇയാൾ എത്തിയത്. പകരക്കാരനായി വന്നതാണെന്ന് വ്യക്തമാക്കി ആയുധം കൈമാറാൻ ആവശ്യപ്പെട്ടു. ഇയാളെ വിശ്വസിച്ച് നാവികൻ തോക്കും വെടിയുണ്ടകളും നൽകി. എന്നാൽ പിന്നാലെ ഇയാളെ ഇവിടെ നിന്ന് കാണാതാകുകയായിരുന്നു.
 

Tags

Share this story