ഡ്രോൺ പറക്കും, കത്തുകളെത്തും; അസമിൽ തപാൽ വിതരണത്തിന് ഡ്രോൺ സംവിധാനം ഒരുങ്ങുന്നു

തപാൽ

ഗുവാഹത്തി: കനത്ത പ്രളയവും ദുർഘടമായ മലനിരകളും കാരണം തപാൽ വിതരണം പ്രതിസന്ധിയിലാകുന്ന അസമിലെ ഉൾഗ്രാമങ്ങളിലേക്ക് ഇനി കത്തുകളും പാർസലുകളും ഡ്രോൺ വഴി പറന്നെത്തും. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോസ്റ്റും പ്രമുഖ ഡ്രോൺ ലോജിസ്റ്റിക്സ് കമ്പനിയായ 'സ്കൈ എയർ മൊബിലിറ്റിയും' (Skye Air Mobility) ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

​ആദ്യഘട്ടത്തിൽ അസമിലെ കരിം ഗഞ്ച്, ദിമാ ഹസാവോ തുടങ്ങിയ മലയോര മേഖലകളിലും ബ്രഹ്മപുത്ര നദിയിലെ ദ്വീപുകളായ 'ചാർ' പ്രദേശങ്ങളിലും ഉൾപ്പെടെ തപാൽ ജീവനക്കാർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള 40 കേന്ദ്രങ്ങളിലാണ് ഈ സേവനം ലഭ്യമാക്കുക.

​മണിക്കൂറുകൾ 7 മിനിറ്റായി ചുരുങ്ങും

​നിലവിൽ റോഡ് മാർഗ്ഗം തപാൽ സഞ്ചയങ്ങൾ എത്തിക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുക്കുന്ന ദുർഘട പാതകളിൽ, ഡ്രോൺ എത്തുന്നതോടെ വെറും 7 മിനിറ്റ് കൊണ്ട് വിതരണം പൂർത്തിയാക്കാൻ സാധിക്കും. കത്തുകൾക്ക് പുറമെ പെൻഷൻ രേഖകൾ, സർക്കാർ അറിയിപ്പുകൾ, അടിയന്തര മരുന്നുകൾ എന്നിവയെല്ലാം ഈ ഡ്രോൺ ശൃംഖല വഴി വിതരണം ചെയ്യും.

​പ്രധാന സവിശേഷതകൾ:

പ്രവർത്തന ശേഷി: 10 കിലോഗ്രാം വരെയുള്ള തപാൽ ബാഗുകൾ വഹിക്കാൻ ഈ ഡ്രോണുകൾക്ക് ശേഷിയുണ്ട്.

ദൂരപരിധി: 5 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെയുള്ള ദൂരത്തിൽ ഇവയ്ക്ക് തടസ്സമില്ലാതെ പറക്കാനാകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ: കൃത്യമായ നാവിഗേഷനും കാലാവസ്ഥ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ട് പാത മാറ്റുന്നതിനും ഐ.ഐ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഡ്രോണുകളിൽ ഉപയോഗിക്കുന്നത്.

​അസമിലെ കടുത്ത പ്രളയകാലത്തും ശൈത്യകാലത്തും റോഡ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുമ്പോൾ ഈ ഡ്രോൺ സംവിധാനം അവിടുത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഹിമാചൽ പ്രദേശിലെ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് ഈ പദ്ധതി അസമിലേക്കും വ്യാപിപ്പിക്കുന്നത്. 2030-ഓടെ ഇന്ത്യയെ ഒരു ആഗോള ഡ്രോൺ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി.

Tags

Share this story