ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ -യും ഐസയും തെരുവിലേക്ക്; പ്രതിഷേധം ശക്തമാകുന്നു
ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ സംഘര്‍ഷ ഭരിതമായി രാജ്യ തലസ്ഥാനം. നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍ മന്തറിലേക്ക് ആരംഭിച്ചു. കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരക്കുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം, ജനറല്‍ സെക്രട്ടറി ഹിമാഘ്‌നരാജ് ഭട്ടാചാര്യ എന്നിവരുെട നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. പൊലീസ് തടഞ്ഞാലും ജന്തര്‍ മന്തറിലേക്ക് തന്നെ നീങ്ങുമെന്നാണ് എ എ റഹീം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. ഡിവൈഎഫ്‌ഐ കേരളം സംസ്ഥാന സെക്രട്ടറി എം വിജിന്‍ പ്രസിഡന്റ് ചിന്താ ജെറോം എന്നിവരും സമരത്തില്‍ അണി നിരന്നിട്ടുണ്ട്.
ഇതിന് മുമ്പ് സമരവുമായി എത്തിയ ഐസ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തര്‍ മന്തറിലേക്ക് ആരേയും കടത്തി വിടാന്‍ പൊലീസ് അനുവദിക്കുന്നില്ല. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ വീണ്ടും പ്രവര്‍ത്തകര്‍ തമ്പടിച്ച് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യവുമുണ്ടാകുന്നുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ഉണ്ടാകാതെ പ്രതിഷേധ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ജന്തര്‍ മന്തറിലേക്ക് പ്രകടനവുമായി എത്തിയ ഐസ പ്രവര്‍ത്തകരെ പൊലീസ് അടിച്ചോടിക്കുന്ന സാഹചര്യവുമുണ്ടായി.
5000 ത്തിലധികം പൊലീസുകാരെയാണ് ജന്തര്‍ മന്തറില്‍ വിന്യസിച്ചിരിക്കുന്നത്. സമരത്തെ പൂര്‍ണ തോതില്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിമർശനം. സമര മേഖലയില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ന്യൂഡല്‍ഹി ജില്ലയില്‍ മുമ്പ് തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പതിനൊന്നോളം മെട്രോ സ്‌റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്.
