ഇ20 എന്ന് പറഞ്ഞ് പറ്റിച്ചു? പെട്രോളിൽ എഥനോൾ അളവ് 31.2% വരെ; കേന്ദ്ര ഇടപെടൽ തേടി കർണാടക സർക്കാർ
ബംഗളൂരു: കേന്ദ്ര സർക്കാർ അനുവദിച്ച E20 പരിധിയും ലംഘിച്ച് പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കലർത്തുന്നതായി കർണാടക സർക്കാരിന്റെ ലാബ് പരിശോധനാ റിപ്പോർട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെട്രോൾ പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 31.2% വരെ എഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി കർണാടക ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി.
സംസ്ഥാനത്തുടനീളമുള്ള 63 ഇന്ധന പമ്പുകളിൽ നിന്നാണ് സർക്കാർ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചത്. IOCL, HPCL ഉൾപ്പെടെയുള്ള പ്രധാന പൊതുമേഖലാ, സ്വകാര്യ എണ്ണക്കമ്പനികളുടെ പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ ഉയർന്ന അളവിൽ എഥനോൾ കലർന്നിട്ടുണ്ടെന്ന് സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. എച്ച്.പി.സി.എൽ പവറിൽ 30.5% വരെയും ഐ.ഒ.സി.എൽ പെട്രോളിൽ 31.2% വരെയും എഥനോൾ കണ്ടെത്തിയിട്ടുണ്ട്.
പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നത് മൂലം വാഹനങ്ങളുടെ ഇന്ധനക്ഷമത (മൈലേജ്) കുറയുകയും എഞ്ചിനുകൾക്ക് ഗുരുതരമായ തകരാറുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. അമിത എഥനോൾ ഉപയോഗം കാരണം വാഹന ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവും അറ്റകുറ്റപ്പണി ചെലവുകളും പരിഗണിച്ച് കേന്ദ്ര സർക്കാർ അടിയന്തരമായി ഒരു 'നഷ്ടപരിഹാര ഫണ്ട്' രൂപീകരിക്കണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സർക്കാർ ഉടനടി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
