E20 ഇന്ധന കേസ്: 'പുതിയ കാർ നൽകില്ല', ഉപഭോക്തൃ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ മാരുതി സുസുക്കി

E20

ന്യൂഡൽഹി: എഥനോൾ കലർന്ന പെട്രോൾ (E20) ഒഴിച്ച് കാർ തകരാറിലായ സംഭവത്തിൽ ഉപഭോക്താവിന് പുതിയ കാർ നൽകില്ലെന്ന് വ്യക്തമാക്കി പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. പരാതിക്കാരനായ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി.

​വാഹനം തകരാറിലായതിന് കാരണം E20 ഇന്ധനം ഒഴിച്ചതല്ലെന്നും കാറിൽ ഇന്ധന മലിനീകരണം (fuel contamination) സംഭവിച്ചിട്ടുണ്ടെന്നുമാണ് മാരുതിയുടെ വിശദീകരണം. തങ്ങളുടെ വാഹനത്തിൽ E20 ഇന്ധനം ഉപയോഗിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇക്കാര്യം വാഹനത്തിന്റെ ഉടമസ്ഥർക്കുള്ള കൈപ്പുസ്തകത്തിൽ (owner's manual) വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ നടപടികൾ സ്വീകരിക്കുകയാണെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

​മാരുതിയുടെ വിതാര സ്ട്രോങ്ങ് ഹൈബ്രിഡ് (ജനുവരി 2023 മോഡൽ) കാറിലാണ് E20 പെട്രോൾ അടിച്ചതിന് പിന്നാലെ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് വാഹന ഉടമ പരാതിപ്പെട്ടിരുന്നു. ഇന്ധനം അടിച്ചതിന് ശേഷം വണ്ടിയുടെ പെർഫോമൻസ് മോശമാവുകയും ഇന്ധനക്ഷമത കുറയുകയും ഉൾപ്പെടെ നിരവധി കേടുപാടുകൾ സംഭവിച്ചു എന്നായിരുന്നു ഉപയോക്താവിന്റെ വാദം.

​എന്നാൽ ഈ തകരാറുകൾ കാലക്രമേണ സാധാരണയായി ഉണ്ടാകുന്നതാണെന്നും E20 പെട്രോളുമായി ഇതിന് ബന്ധമില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ഉപഭോക്താവിന് പുതിയ വണ്ടി നൽകാനോ അല്ലെങ്കിൽ വണ്ടിയുടെ വിലയായ 20.50 ലക്ഷം രൂപ നൽകാനോ കമ്പനിയോട് റായ്പൂർ കോടതി ഉത്തരവിട്ടത്. E20 പെട്രോളുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടായ ആദ്യത്തെ ഉപഭോക്തൃ അനുകൂല വിധിയാണിത്. ഇതിന് പിന്നാലെയാണ് കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അറിയിച്ച് മാരുതി സുസുക്കി രംഗത്തെത്തിയിരിക്കുന്നത്.

Tags

Share this story